ന്യൂഡല്‍ഹി: പുതുതായി നിയമിതരായ അഞ്ച് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ സത്യപ്രതിജ്ഞ ചെയ്തു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജസ്റ്റിസ് അരുണ്‍ പള്ളി, വി.മോഹന എന്നിവരാണ് അധികാരമേറ്റത്. ഇതോടെ ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി.
പുതുതായി ചുമതലയേറ്റ അഞ്ചു ജഡ്ജിമാരിൽ നാലു പേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിരുന്നു. ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍ (ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ്),ജസ്റ്റിസ് ഷീല്‍ നാഗു (പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ്), സഞ്ജീവ് സച്ച്ദേവ (മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), അരുണ്‍ പള്ളി (ജമ്മുകശ്മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം കിട്ടിയത്. മുതിര്‍ന്ന അഭിഭാഷകയായ വി മോഹന സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. അതിനിടെയാണ് സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം ലഭിച്ചത്. അങ്ങിനെ ലഭിച്ച ഏതാനും അഭിഭാഷകരില്‍ ഒരാളാണ് വി മോഹന.
തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 22നും 27നും ഇടയില്‍ നടന്ന യോഗങ്ങളില്‍ സുപ്രീംകോടതി കൊളീജിയം നല്‍കിയ ശിപാര്‍ശകള്‍ അനുസരിച്ചാണ് വിജ്ഞാപനം.















