തിരുവനന്തപുരം: സനാതന ധര്‍മ്മത്തിനെതിരായ സമീപനമാണ് തമിഴ്‌നാട്ടിലെ മുന്‍ ഡിഎംകെ സര്‍ക്കാരും നിലവിലെ ടിവികെ നേതൃത്വത്തിലുള്ള ഭരണവും സ്വീകരിക്കുന്നതെന്ന ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍. ഹൈക്കോടതികളുടെ ഇടപെടലും നിയമപരമായ ഇടപെടലുകളുമാണ് സംസ്ഥാനത്ത് സനാതന ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ കാരണമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുപ്പുറക്കുണ്ഡ്രം ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി നടപ്പാക്കില്ലെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ പ്രസ്താവന ആശങ്കാജനകമാണെന്ന് ഡോ. സെന്‍കുമാര്‍ പറഞ്ഞു. തിരുപ്പുറക്കുണ്ഡ്രത്തിലെ ദീപത്തൂണുകളില്‍ ദീപം തെളിയിക്കണമെന്ന കോടതി നിര്‍ദേശത്തോട് ഭരണകൂടം സ്വീകരിച്ച നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോയമ്പത്തൂരിലെ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം ക്രിസ്ത്യന്‍ പള്ളി നിര്‍മിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി ഇടപെട്ട സംഭവവും ഗൗരവത്തോടെ കാണേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മതപരമായ പൈതൃകവും വിശ്വാസകേന്ദ്രങ്ങളും സംരക്ഷിക്കുന്നതില്‍ കോടതികള്‍ക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”തമിഴ്‌നാട്ടില്‍ നടക്കുന്നത് സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘടിത ശ്രമമാണെന്നാണ് തോന്നുന്നത്. മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ നിലപാടുകള്‍ പോലെ തന്നെ നിലവിലെ ടിവികെ ഭരണവും അതേ ദിശയിലാണെന്ന ആശങ്കയുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഇപ്പോള്‍ തന്നെ സമൂഹം പ്രതികരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അതിനാല്‍ പഞ്ചാബിനും തമിഴ്‌നാട്ടിനും ദേശീയ തലത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കി ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളത്,” എന്നും ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു.















