ഇസ്ലാമാബാദ്: ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപടികള്‍ക്ക് പിന്നാലെ അന്താരാഷ്‌ട്ര വേദികളില്‍ നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്താന് യുഎസ്-ഇറാന്‍ സമാധാന കരാര്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. മധ്യസ്ഥ രാജ്യമെന്ന നിലയില്‍ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയ്‌ക്കിടെയാണ് അമേരിക്കയും ഇറാനും നേരിട്ടുള്ള ധാരണയിലേക്ക് കടന്നത്.
ജൂണ്‍ 19-ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ഔദ്യോഗിക ചടങ്ങിലൂടെ കരാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷകള്‍ക്കിടെ, ജൂണ്‍ 17-ന് തന്നെ ഫ്രാന്‍സിലെ വെഴ്സായ് കൊട്ടാരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പാകിസ്താന്റെ നയതന്ത്ര നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ചടങ്ങിനായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന പാകിസ്താന്‍ നേതൃത്വത്തെ ഉള്‍പ്പെടുത്താതെയാണ് അമേരിക്കയും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രതീക്ഷിച്ചിരുന്ന യാത്ര റദ്ദാക്കേണ്ട സാഹചര്യം പാകിസ്താന് നേരിട്ടതായും സൂചനകളുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലും പാകിസ്താന് ഔദ്യോഗിക പങ്കില്ലായിരുന്നുവെന്നാണ് വിവരം.
സമാധാന കരാര്‍ ”ഇസ്ലാമാബാദ് പ്രഖ്യാപനം” എന്ന പേരില്‍ അറിയപ്പെടണമെന്ന പാകിസ്താന്‍ നേതൃത്വത്തിന്റെ പ്രതീക്ഷകളും ഇതോടെ അസ്ഥാനത്തായെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഖത്തര്‍ നിശബ്ദ നയതന്ത്രത്തിലൂടെ ചര്‍ച്ചകളില്‍ പങ്കുവഹിച്ചപ്പോള്‍ പാകിസ്താന് പ്രതീക്ഷിച്ച അംഗീകാരം ലഭിച്ചില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
ഇതിനൊപ്പം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രശംസിച്ചതും പാകിസ്താന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയെ ആഗോള ശക്തിയായി വിശേഷിപ്പിച്ച ട്രംപ്, ഭാവിയില്‍ സുരക്ഷാ വെല്ലുവിളികള്‍ ഉണ്ടായാല്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന നിലപാടും ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മധ്യേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ ഇന്ത്യയുടെ പങ്ക് തീരുമാനിക്കേണ്ടത് ഇന്ത്യ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.















