കോഴിക്കോട്: സഹകരണ മേഖലയില്‍ ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയെന്ന ലക്ഷ്യത്തോടെ ‘കോ-കേരളം’ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ട് കേരളം. കുറഞ്ഞ ചെലവില്‍ വേഗമേറിയ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി. എന്‍. വിജയകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍ 200 സഹകരണ സംഘങ്ങള്‍ രണ്ട് കോടി രൂപ വീതം നിക്ഷേപിച്ച് 400 കോടി രൂപയുടെ മൂലധനമാണ് സമാഹരിക്കുക. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് പണം ചെലവഴിക്കാതെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ചെയര്‍മാനായും സഹകരണ വകുപ്പ് മന്ത്രിയെ വൈസ് ചെയര്‍മാനായും ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് കമ്പനിക്ക് നേതൃത്വം നല്‍കും.
സിയാല്‍ മാതൃകയില്‍ വിമാനങ്ങള്‍ പാട്ടത്തിനെടുത്തായിരിക്കും സര്‍വീസ് ആരംഭിക്കുക. ആദ്യഘട്ടത്തില്‍ 72 സീറ്റുകളുള്ള രണ്ട് വിമാനങ്ങളാണ് സര്‍വീസിനായി എത്തിക്കുക. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തെ കേന്ദ്രമാക്കി കരിപ്പൂര്‍, കണ്ണൂര്‍, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് ലക്ഷ്യമിടുന്നത്.
വിമാന സര്‍വീസിനൊപ്പം ഒരു ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിക്കാനാണ് പദ്ധതി. തുടക്കത്തില്‍ തന്നെ ഏകദേശം 200 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ സഹകരണ മേഖലയ്‌ക്ക് പുതിയ ദിശ തുറക്കുന്നതോടൊപ്പം ആഭ്യന്തര വ്യോമഗതാഗത രംഗത്തും കേരളത്തിന് നിര്‍ണായക സാന്നിധ്യമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി.















