കൊച്ചി: കേരള വഖഫ് ബോർഡിന്റെ രൂപീകരണവും അംഗങ്ങളുടെ നിയമനവും ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്. വഖഫ് ബോർഡ് രൂപീകരണം വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
വഖഫ് ഭേദഗതി നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഈ നിർണായക വ്യവസ്ഥ ലംഘിച്ചാണ് നിലവിലെ കേരള വഖഫ് ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ ബോർഡിന്റെ രൂപീകരണം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വഖഫ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തതിലും ഹർജിയിൽ ഗുരുതരമായ നിയമലംഘനം ആരോപിക്കുന്നു. വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത് അതത് വഖഫ് സ്ഥാപനങ്ങളുടെ ചുമതലയുള്ള ‘മുത്തവല്ലി’മാർ ആണെന്നാണ് നിയമം. എന്നാൽ മുനമ്പം ഭൂമിയുടെ വിവരങ്ങൾ കേരള വഖഫ് ബോർഡ് നേരിട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇത് നിയമപരമായ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ നടപടി അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.















