കോഴിക്കോട്: മുക്കത്ത് രണ്ടേകാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക കണ്ണിയായ യുവതി പോലീസ് പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 2-നാണ് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ ആദ്യം 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുത്താലത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 2.306 കിലോഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെ ആകെ രണ്ടേകാൽ കിലോയിലധികം എംഡിഎംഎയാണ് കേസിൽ പിടിച്ചെടുത്തത്. സംഭവത്തിൽ അന്ന് ബേപ്പൂർ സ്വദേശിനി റൈഹാനത്തും അറസ്റ്റിലായിരുന്നു.
തുടർ അന്വേഷണത്തിലാണ് കേസുമായി ബന്ധപ്പെട്ട് ഖദീജയുടെ പങ്ക് വ്യക്തമായത്. മുഹമ്മദ് ഹനീഫയുടെ അടുത്ത സുഹൃത്തായ ഖദീജയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹനീഫ ഒളിവിലായിരുന്ന സമയത്ത് ഖദീജ സാമ്പത്തിക സഹായവും നൽകിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് റൂറൽ എസ്.പി.യുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളിലേക്കും ലഹരിമരുന്ന് ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.















