മലപ്പുറം: മോങ്ങം മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് കടിയേറ്റു. മൊറയൂർ, മോങ്ങം, വാലഞ്ചേരി, വള്ളുവമ്പ്രം എന്നിവിടങ്ങളിലായി നിരവധി പേരെയാണ് നായ ആക്രമിച്ചത്. നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിരയായവരിൽ ഒരു പെട്രോൾ പമ്പ് ജീവനക്കാരനും ഉൾപ്പെടുന്നു. ജോലിക്കിടെ ജീവനക്കാരനെ തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ നായ അപ്രതീക്ഷിതമായി ജീവനക്കാരന്റെ നേരെ പാഞ്ഞെത്തി കടിക്കുന്നതും ജീവനക്കാരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം.
സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. കടിയേറ്റ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പും തുടർചികിത്സയും നൽകിവരികയാണ്.















