വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. കേസിന്റെ പിന്നിൽ പ്രവർത്തിച്ച വൻ ലഹരി ശൃംഖല കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.
വനിതാ പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ നർക്കോട്ടിക് സെൽ, സൈബർ സെൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് പുറമെ വടകര, എടച്ചേരി, പയ്യോളി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പത്തംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
റിമാൻഡിലുള്ള മൂന്ന് പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച മുഴുവൻ ആളുകളെയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇവർക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഇടപാടുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.
അതേസമയം, കൂരാച്ചുണ്ട് സ്വദേശിയായ സ്പെഷ്യൽ എഡ്യുക്കേറ്റർ കാവ്യ, മരുതോങ്കര സ്വദേശിയും പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയുമായ കീർത്തന എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. എംഡിഎംഎ ഇടപാടുകൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ട വലിയ ശൃംഖലയുണ്ടെന്നാണ് പൊലീസിന്റെ സംശയം.
ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിനായി പൊലീസ് വടകര എൻഡിപിഎസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസിന്റെ അന്വേഷണം കോഴിക്കോട് ജില്ലയ്‌ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരി വിൽപ്പന നടന്നിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഈ സംഘത്തിന്റെ സ്വാധീനത്തിൽ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയതോടെയാണ് അധ്യാപികമാർ ഉൾപ്പെട്ട ലഹരി ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവന്നത്. റിസ്വാനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയുടെയും കീർത്തനയുടെയും പങ്ക് അന്വേഷിക്കുന്നത്.
കേസിൽ ഇവർക്ക് പുറമെ കൂടുതൽ അധ്യാപികമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി നിലവിൽ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
അതിനിടെ, കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിൽ നേരത്തെ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയെയും എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു.
2016 മുതൽ സ്പെഷ്യൽ എഡ്യുക്കേറ്ററായി ജോലി ചെയ്തിരുന്ന കാവ്യയും, ഏകദേശം പത്ത് വർഷമായി പേരാമ്പ്ര ബി.ആർ.സിയിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന കീർത്തനയും ഇപ്പോൾ പൊലീസ് അന്വേഷണത്തിന്റെ കേന്ദ്രത്തിലാണ്.