തിരുവനന്തപുരം: പി.എസ്.സി അട്ടിമറിക്കെതിരെയും സമരം നടത്തുന്ന റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. പി. സുധീർ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, യുവമോർച്ച ജില്ലാ അധ്യക്ഷൻ വിഷ്ണു, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീജിത്ത്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
പി.എസ്സി ക്രമക്കേടുകളിൽ ഉൾപ്പെട്ടവരെ പുറത്താക്കുക, അന്വേഷണം അടിയന്തരമായി കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, തടഞ്ഞുവെച്ച ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.
സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാർക്ക് നീതി ലഭിക്കുന്നതുവരെ യുവമോർച്ചയുടെ പ്രതിഷേധം തുടരുമെന്നും, ഉദ്യോഗാർഥികളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ സംഘടന പിന്നോട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.