തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 38 ദിവസമായി നടത്തുന്ന സമരം അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ പത്ത് ദിവസമായി ഉദ്യോഗാര്‍ത്ഥികള്‍ നിരാഹാര സമരത്തിലാണെന്നും കഠിനാധ്വാനം ചെയ്ത് പി.എസ്.സി പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കള്‍ അവകാശങ്ങള്‍ക്കായി തെരുവില്‍ കിടന്ന് സമരം ചെയ്യേണ്ടിവരുന്നത് കേരളത്തിന് തന്നെ അപമാനകരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കുകയും അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ദിവസങ്ങളായി തുടരുന്ന സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനാപരമായ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും യുവാക്കള്‍ തെരുവില്‍ പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പി.എസ്.സി പോലുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ പരാതികള്‍ ഗൗരവമായി പരിഗണിക്കണം. ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം.
സമാധാനപരമായി പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും സമരക്കാരെ അടിച്ചമര്‍ത്തുന്നതിന് പകരം അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികളെ അടിയന്തരമായി ചര്‍ച്ചയ്‌ക്ക് വിളിക്കണം. അവരുടെ ആവശ്യങ്ങളും പരാതികളും നേരിട്ട് കേട്ട് ന്യായമായ ആവശ്യങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. പി.എസ്.സി നിയമന നടപടികളിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇനിയും കാലതാമസം വരുത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കും. യുവാക്കളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ യുവാക്കളുടെ ഭാവിയും പി.എസ്.സി സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതിനാല്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അടിയന്തരമായി ചര്‍ച്ചയ്‌ക്ക് വിളിച്ച് അവരുടെ ന്യായമായ ആവശ്യങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.