ക്വിറ്റോ (എക്വഡോര്‍): ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നോര്‍വെ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് വീണ്ടും വാര്‍ത്തകളില്‍. എന്നാല്‍ ഇത്തവണ ഫുട്‌ബോള്‍ മൈതാനത്തെ പ്രകടനത്തിന്റെ പേരിലല്ല ഹാളണ്ടിന്റെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഹാളണ്ടിന്റെ ചിത്രം പതിച്ച 469 കിലോ കൊക്കെയ്ന്‍ ശേഖരമാണ് എക്വഡോര്‍ പൊലീസ് പിടികൂടിയത്.
കൊളംബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തുല്‍ക്കാന്‍ നഗരത്തിന് സമീപം ഗ്വാഗ്വാ നെഗ്രോയില്‍ നിന്നാണ് വന്‍ ലഹരിശേഖരം പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്രക്കിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍ പാക്കറ്റുകള്‍ കണ്ടെത്തിയത്.
ആകെ 469 കിലോ (1,034 പൗണ്ട്) കൊക്കെയ്ന്‍ ആണ് പൊലീസ് പിടിച്ചെടുത്തത്. പച്ചനിറത്തിലുള്ള 370 ചതുരശ്ര പാക്കറ്റുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റിലും ഹാളണ്ടിന്റെ ചിത്രം പതിച്ച സ്റ്റിക്കറുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊളംബിയന്‍ തിരിച്ചറിയല്‍ രേഖകളുള്ള മരിയ ആര്‍. എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത കൊക്കെയ്ന് എക്വഡോറിലെ പ്രാദേശിക വിപണിയില്‍ ഏകദേശം 8.42 ലക്ഷം ഡോളറാണ് വില കണക്കാക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ ഇതിന്റെ മൂല്യം 1.1 കോടി ഡോളറിലധികവും യൂറോപ്യന്‍ വിപണിയില്‍ 1.9 കോടി ഡോളറിലധികവുമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
മയക്കുമരുന്ന് കടത്തുസംഘങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഏത് ക്രിമിനല്‍ സംഘത്തിന്റേതാണെന്നും അത് ആര്‍ക്കുള്ളതാണെന്നും തിരിച്ചറിയാന്‍ പ്രമുഖ കായിക താരങ്ങളുടെയോ സെലിബ്രിറ്റികളുടെയോ ചിത്രങ്ങള്‍ അടയാളമായി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
ഇതിന് മുമ്പും ലയണല്‍ മെസ്സിയുടെ ചിത്രം പതിച്ച ലഹരിപ്പാക്കറ്റുകള്‍ പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെയും സമൂഹമാധ്യമങ്ങളിലെ വലിയ സ്വീകാര്യതയിലൂടെയും ഹാളണ്ട് നേടിയ ജനപ്രീതിയാണ് ഇത്തവണ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. അതേസമയം, ഹാളണ്ടിനോ താരവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികള്‍ക്കോ ഈ ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നതിന് സൂചനയില്ല. താരത്തിന്റെ ചിത്രം ലഹരിക്കടത്ത് സംഘങ്ങള്‍ തിരിച്ചറിയല്‍ അടയാളമായി ഉപയോഗിച്ചതാണ് സംഭവത്തിലെ പ്രധാന കാര്യം.
അമേരിക്കയിലേക്കും യൂറോപ്പിലേക്കും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ കടത്തുന്നതിനുള്ള പ്രധാന കേന്ദ്രമായി എക്വഡോര്‍ മാറിയിട്ടുണ്ട്. കൊളംബിയന്‍, മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളുമായി ചേര്‍ന്ന് എക്വഡോറിലെ പ്രാദേശിക ക്രിമിനല്‍ സംഘങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം ഏകദേശം 80 ടണ്‍ ലഹരിമരുന്ന് എക്വഡോര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. 2024ല്‍ പിടികൂടിയ ലഹരിമരുന്നിന്റെ അളവ് റെക്കോര്‍ഡ് 295 ടണ്‍ ആയിരുന്നു.















