സിനിമ കാണാനെത്തിയ പൊലീസുകാരൻ തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ആലുവ: സിനിമ കാണാനെത്തിയ പൊലീസുകാരൻ ആലുവയിലെ സിനിമാ തിയറ്ററിൽ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും ജിം പരിശീലകനുമായ സ്വാബെസ് ശിവദാസ് ആണ് മരിച്ചത്. ആലുവയിലെ സീനത്ത് തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ നിലയിലാണ് സ്വാബെസിനെ കണ്ടെത്തിയത്.

രാവിലെ ഒൻപത് മണിയോടെയാണ് സ്വാബെസ് സിനിമ കാണുന്നതിനായി തിയറ്ററിലെത്തിയത്. സിനിമയ്‌ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ശുചിമുറിയിലേക്ക് പോയി. ഇതിനിടെയാണ് കുഴഞ്ഞുവീണതെന്നാണ് വിവരം.

എന്നാൽ തിയറ്ററിന് തൊട്ടുമുന്നിൽ ആശുപത്രി ഉണ്ടായിരുന്നിട്ടും കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ പൊലീസിന്റെ സഹായം തേടേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് സ്വാബെസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Share