തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത. കേന്ദ്ര ഉല്‍പ്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്.
വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ വൈകിട്ട് 6.30നും രാത്രി 12നും ഇടയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും കേന്ദ്ര ഉല്‍പ്പാദന നിലയങ്ങളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. വൈദ്യുതി ലഭ്യതയില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ച് നിയന്ത്രണത്തിന്റെ സാഹചര്യം മാറിയേക്കാം.















