ആലപ്പുഴ: മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കരീക്കാട് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് മുഹമ്മ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്. തലയുടെ പിന്നില്‍ ഇടതുചെവിക്ക് സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഏഴോടെയാണ് കട്ടിലില്‍ കമഴ്ന്നുകിടക്കുന്ന നിലയില്‍ സന്തോഷിനെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തുകയായിരുന്നു. വാതില്‍ തുറന്ന നിലയിലായിരുന്നു. തലയിലും ചെവിക്ക് പിന്നിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇടതുകാലിലും ചെറിയ മുറിവുണ്ടായിരുന്നു. മുറിക്കുള്ളില്‍ ഒടിഞ്ഞ നിലയിലുള്ള മുളവടിയും കണ്ടെത്തി. സംഭവസ്ഥലത്ത് ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
തടിപ്പണിക്കാരനായിരുന്ന സന്തോഷ് കഴിഞ്ഞ രണ്ടുവര്‍ഷമായി വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലാണ് താമസം. സമീപവാസികളുമായി സന്തോഷിന് വലിയ അടുപ്പമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം സമീപവാസിയായ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് എത്തിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് വീട്ടിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, ചേര്‍ത്തല ഡിവൈഎസ്പി മഞ്ജുലാല്‍ തുടങ്ങിയവര്‍ എത്തി പരിശോധന നടത്തി. ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സന്തോഷിന്റെ ഭാര്യ: സുനിത. മക്കള്‍: സ്വര്‍ണ സന്തോഷ്, സൂര്യ പണിക്കര്‍, സാരംഗ് പണിക്കര്‍.















