ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിക്കിടെ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസണ്‍. ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 1000 റണ്‍സ് തികച്ച സഞ്ജു ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി. 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ടി20യില്‍ ഓപ്പണറായി സഞ്ജുവിന്റെ സമ്പാദ്യം 1026 റണ്‍സായി. 181.59 ആണ് ഓപ്പണറെന്ന നിലയില്‍ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. 1000 റണ്‍സ് പിന്നിട്ട അഞ്ച് ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനാണ്.
ഓപ്പണര്‍മാരില്‍ രോഹിത് ശര്‍മ്മയാണ് 3750 റണ്‍സുമായി പട്ടികയില്‍ ഒന്നാമത്. കെഎല്‍ രാഹുല്‍ 1826 റണ്‍സും ശിഖര്‍ ധവാന്‍ 1759 റണ്‍സും അഭിഷേക് ശര്‍മ്മ 1726 റണ്‍സും നേടിയിട്ടുണ്ട്. ഈ വര്‍ഷം ടി20യില്‍ സഞ്ജുവിന്റെ 16-ാം ഇന്നിങ്സായിരുന്നു അഫ്ഗാനിസ്ഥാനെതിരായ മത്സരം. ശ്രദ്ധേയമായ മറ്റൊരു കണക്കും സഞ്ജുവിന്റെ പേരിലുണ്ട്. ഈ വര്‍ഷം 15 പന്തിലധികം നേരിട്ട നാല് ഇന്നിങ്സുകളിലും താരം 50ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്.
ടി20 ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളിലായിരുന്നു സഞ്ജുവിന്റെ മുമ്പത്തെ മൂന്ന് അര്‍ധസെഞ്ചുറിക്ക് മുകളിലുള്ള പ്രകടനങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സും ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ 42 പന്തില്‍ 89 റണ്‍സും ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സുമാണ് താരം നേടിയത്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ എട്ട് പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇതോടെ രണ്ടാം മത്സരത്തില്‍ വലിയ പ്രകടനം നടത്തേണ്ട സമ്മര്‍ദ്ദത്തിലായിരുന്നു താരം. അതിന് മറുപടിയായാണ് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ സഞ്ജു ആക്രമണാത്മക ഇന്നിങ്സ് പുറത്തെടുത്തത്.
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി തുടക്കം മുതല്‍ സഞ്ജു ആക്രമിച്ചു. ഏഴ് ഫോറും നാല് സിക്സും സഹിതം 22 പന്തില്‍ 57 റണ്‍സാണ് താരം നേടിയത്. അഭിഷേക് ശര്‍മ്മ 19 പന്തില്‍ 39 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് 38 പന്തില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യക്ക് അതിവേഗ തുടക്കം ലഭിച്ചു. നേരത്തെ നിതീഷ് റെഡ്ഡിയുടെ 3/24 ബൗളിംഗ് മികവില്‍ അഫ്ഗാനിസ്ഥാനെ 20 ഓവറില്‍ 159/8 എന്ന സ്‌കോറില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. തുടര്‍ന്ന് 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സഞ്ജു. എന്നാല്‍ അതിന് ശേഷമുള്ള മത്സരങ്ങളില്‍ ഫോമില്‍ സ്ഥിരത പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അഫ്ഗാനിസ്ഥാന്‍ പരമ്പരയ്‌ക്ക് മുമ്പ് നാല് ഇന്നിങ്സുകളില്‍ നിന്ന് 33 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ഇതിനിടെ യുവതാരം വൈഭവ് സൂര്യവംശിയും ടീമിലെ സ്ഥാനത്തിനായി ശക്തമായ മത്സരം ഉയര്‍ത്തിയിരുന്നു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസും സഞ്ജുവിന്റെ ഫോമിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യമാണ്. അത്തരമൊരു ഘട്ടത്തിലാണ് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവും 1000 റണ്‍സ് നേട്ടവും.















