തിരുവനന്തപുരം: കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പത്തുകാണിയിലും പരിസരത്തെ ആദിവാസി മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാകുന്നു. വനമേഖല വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കാട്ടാനക്കൂട്ടം ഇറങ്ങുന്നത് മലയോരവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. ഇന്നലെ പുലര്‍ച്ചെ കല്ലറവയല്‍ ആദിവാസി മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കമുക്, തെങ്ങ് തുടങ്ങിയ നിരവധി വിളകള്‍ പിഴുതെറിഞ്ഞ് നശിപ്പിച്ചു. പ്രദേശവാസിയായ കൃഷ്ണന്‍കാണിയുടെ തോട്ടത്തിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ ആദായവിളകളും നശിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളെയാണ് വന്യമൃഗശല്യം നേരിട്ട് ബാധിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞിരംപാറ സ്വദേശി രാജേഷിനെ കാട്ടാന കുത്തിക്കൊന്ന സംഭവവും പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിലെത്തിയ കാട്ടാനയെ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രാജേഷിന് നേരെ ആക്രമണമുണ്ടായത്.
വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാര്‍ വേലികള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പും ബന്ധപ്പെട്ട അധികൃതരും ഇടപെടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.















