ഇടുക്കി: ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിമാനയാത്രാ വിവാദവുമായി ബന്ധപ്പെട്ട മാധ്യമചോദ്യങ്ങളില്‍ ക്ഷുഭിതനായി. ‘മാറിനില്‍ക്ക്, ഞാന്‍ നിങ്ങളെ കാണുന്നില്ല’ എന്ന് പറഞ്ഞ മുഖ്യമന്ത്രി സമീപത്തുണ്ടായിരുന്ന പോലീസുകാരോട് മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്താനും ആവശ്യപ്പെട്ടു. യോഗത്തിന് ശേഷം പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ വിമാനയാത്രാ വിവാദത്തെക്കുറിച്ചും ശശിധരന്‍ കര്‍ത്തയുടെ പേരിലുള്ളതായി പുറത്തുവന്ന രേഖകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചതോടെ സതീശന്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറി.
എസ്എന്‍ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തെക്കുറിച്ചും മാധ്യമങ്ങള്‍ ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ‘ഞാന്‍ ആളുകളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കട്ടെ, നിങ്ങള്‍ മാറിനില്‍ക്കണം’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള സതീശന്റെ പ്രതികരണം. യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കില്ലേയെന്ന ചോദ്യത്തിനും കൈയുയര്‍ത്തി ‘പറ്റില്ല’ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ‘ഞാന്‍ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനില്‍ക്കൂ’ എന്നും പറഞ്ഞു. മാസപ്പടി വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിക്കേണ്ട സ്ഥലമല്ല ഇതെന്നും സതീശന്‍ വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ അല്‍പസമയം വാക്കുതര്‍ക്കമുണ്ടായി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ചാര്‍ട്ടേഡ് വിമാനയാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടില്ലെന്നും ഒരു പരിചയക്കാരനാണ് വിമാനം ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു സതീശന്റെ നേരത്തെയുള്ള വിശദീകരണം. പിന്നാലെയാണ് ചിപ്‌സണ്‍ ഏവിയേഷനാണ് യാത്രയുടെ ചെലവ് വഹിച്ചതെന്ന വിവരം പുറത്തുവന്നത്. വിമാന ഉടമയായ കേളചന്ദ്ര ഏവിയേഷന്‍ ചിപ്‌സണിന് നല്‍കിയ ഇന്‍വോയിസില്‍ യാത്രച്ചെലവായി 19,88,595 രൂപ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ വിമാനച്ചാര്‍ജ് 16,85,250 രൂപയും ജിഎസ്ടി 3,03,345 രൂപയുമാണ്.
അതേസമയം, കര്‍ത്തയുടെ പേരിലുള്ളതായി പുറത്തുവന്ന രേഖയില്‍ വി.ഡി. സതീശന്റെ പേരുണ്ടെന്നും 5 ലക്ഷം രൂപ നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചിട്ടുണ്ട്. ഈ രേഖ എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ ഭാഗമാണെന്നാണ് ഷോണ്‍ ജോര്‍ജിന്റെ അവകാശവാദം.















