കോഴിക്കോട്: ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരുമല സ്വദേശി ഷജിൽ–സിനി ദമ്പതികളുടെ മകൻ സായി കൃഷ്ണയെയാണ് ഇന്നലെ മുതൽ കാണാതായത്.
15 വയസുകാരനായ സായി കൃഷ്ണ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. ബാലുശ്ശേരിയിലെ ഒരു സ്ഥാപനത്തിലാണ് കുട്ടി ട്യൂഷന് പോയിരുന്നത്. ഇവിടെ നിന്നും സ്കൂളിലേക്ക് പോകുകയായിരുന്നു പതിവ്, കാണാതായ ദിവസവും കുട്ടി ട്യൂഷന് പോയിരുന്നു. എന്നാൽ ഇവിടെ നിന്ന് ഇറങ്ങിയ സായി കൃഷ്ണ സ്കൂളിൽ എത്തിയിരുന്നില്ല.
സംഭവത്തിൽ കുടുംബം ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.















