കൊൽക്കത്ത: ദുര്ഗാ പൂജയ്ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കൽക്കട്ട ഹൈക്കോടതിയുടെ താക്കീത്. ജാദവ്പൂരിലെ സിപിഎമ്മിന്റെ അനധികൃത പുസ്തകസ്റ്റാൾ പൊളിച്ചു നീക്കുന്നതിന് എതിരായ ഹർജി കോടതി തള്ളി. കയ്യേറ്റങ്ങൾക്ക് നിയമപരിരക്ഷ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അനുമതിക്കായി അപേക്ഷ നൽകുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ചെയ്തതുകൊണ്ടുമാത്രം സ്റ്റാൾ പ്രവർത്തിപ്പിക്കാനുള്ള നിയമപരമായ അവകാശം ലഭിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്റ്റാൾ സ്ഥാപിക്കുന്നതിന് ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്ന് ആദ്യം തെളിയിക്കണം. അത്തരം അനുമതി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കോടതിയുടെ സംരക്ഷണം ആവശ്യപ്പെടാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
ദുർഗാപൂജക്കാലത്ത് ജാദവ്പുർ കോഫി ഹൗസിന് മുന്നിൽ കഴിഞ്ഞ 49 വർഷമായി പുസ്തകസ്റ്റാൾ നടത്തിവരുന്നുണ്ടെന്നാണ് സിപിഎം കോടതിയെ അറിയിച്ചത്. ഈ വർഷം സെപ്റ്റംബർ 19-ന് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ അനുമതിക്കായി അപേക്ഷ നൽകിയെന്നും 3,208 രൂപ ഫീസായി അടച്ചെന്നും പാർട്ടി വാദിച്ചു. എന്നാൽ കോടതി ഇതൊന്നും അംഗീകരിച്ചില്ല.
ഒക്ടോബർ 17-ന് മുനിസിപ്പൽ അധികൃതരും പൊലീസും ബുൾഡോസറുമായി എത്തി സ്റ്റാൾ നീക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് സിപിഎം കോടതിയെ സമീപിച്ചത്. നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ സ്റ്റാൾ നീക്കം ചെയ്യുന്നത് തടയണമെന്നായിരുന്നു ആവശ്യം.
അതേസമയം, സമാനമായ മറ്റൊരു കേസിൽ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും ജസ്റ്റിസ് പാർഥ പ്രതിം റോയ് പരിഗണിച്ചു. അനുമതിയില്ലാതെ സ്ഥാപിച്ച സ്റ്റാളുകൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന നിലപാടാണ് മുൻ ഉത്തരവിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാദവ്പുരിലെ സ്റ്റാളിന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.















