Sports

പിറന്നാളാശംസകൾ പ്രിയ ദാദ

കോഴക്കഥകളും വാതുവയ്പും കൊണ്ട് തകർന്നു കിടന്ന ഇന്ത്യൻ ക്രിക്കറ്റിന് പുതുജീവനായിരുന്നു അയാളുടെ നായകത്വം. അതുവരെ എതിരാളികളുടെ വാക്ശരങ്ങൾക്കു മുന്നിൽ ചൂളി വിക്കറ്റ് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് ഘോഷയാത്ര ചെയ്യുമായിരുന്ന ബാറ്റ്സ്മാന്മാർ ആദ്യമായി തിരിച്ചടിച്ചു തുടങ്ങി. ബാറ്റു കൊണ്ടു മാത്രമല്ല നാക്കു കൊണ്ടും.

ഔട്ട്ഫീൽഡുകളിലെ നനുത്ത പുല്ലുകളിൽ തീപാറിച്ച് ഇന്ത്യൻ ഫീൽഡർമാർ ഈറ്റപ്പുലികളെപ്പോലെ പന്തിനു നേരെ പാഞ്ഞടുത്തു തുടങ്ങി. എതിരാളികൾക്ക് ഓരോ റണ്ണും പൊരുതി നേടേണ്ട അവസ്ഥയായി. ബാറ്റ്സ്മാനു നേര ആത്മവിശ്വാസത്തിന്റെ ആൾ രൂപങ്ങളായി പന്തേറുകാരും പാഞ്ഞടുത്തു.

ഇതിനെല്ലാമുപരി ബാറ്റ് കൊണ്ടും പന്തു കൊണ്ടും മാത്രമല്ല അചഞ്ചലമായ നേതൃ ശേഷി കൊണ്ടും ആ ചെറുപ്പക്കാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ യഥാർത്ഥ നായകനായി മാറി ..അതെ കൊൽക്കത്തയിലെ രാജകുമാരൻ , മഹാരാജാ എന്ന് വീട്ടുകാർ വാത്സല്യത്തോടെ വിളിച്ചു. ക്രിക്കറ്റ് പ്രേമികളുടെയും കളിക്കാരുടേയും സ്വന്തം ദാദ

സൗരവ് ചന്ദിദാസ് ഗാംഗുലി..

ലോർഡ്സിൽ മനോഹരമായ സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങെറ്റം. 113 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നാൽപ്പതിനു മുകളിൽ ശരാശരിയുമായി 16 സെഞ്ച്വറികളോടെ ഏഴായിരത്തിലധികം റൺസ്. 311 ഏകദിനങ്ങളിൽ പതിനൊന്നായിരത്തിലധികം റൺസും. 22 സെഞ്ച്വറികളും, വിക്കറ്റ് നേട്ടത്തിലും സെഞ്ച്വറി.ഒപ്പം ചങ്കൂറ്റമുള്ള നായകനും . അതെ ആർക്കും പിന്നിലല്ല ദാദ.

വിദേശ മണ്ണുകളിൽ തോറ്റ് തുന്നം പാടിയിരുന്ന ഒരു ടീമിനെ ജയത്തിലേക്കെത്തിച്ചതിനു പിന്നിൽ ഗാംഗുലിയുടെ നേതൃശേഷിയുണ്ട്. യുവകളിക്കാരെ വളർത്തി, താരങ്ങൾക്ക് പ്രതിസന്ധിയിൽ താങ്ങായി കൂടെ നിന്ന് ടീം ഇന്ത്യയെ അയാൾ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ എത്തിച്ചു.

ഓഫ്സൈഡിൽ ആദ്യം ദൈവവും അടുത്തത് ഗാംഗുലിയുമാണെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞത് വെറുതെയല്ലെന്ന് ആ ബാറ്റിംഗ് കണ്ടവർക്കറിയാം. അനുപമമായ ഓഫ് സൈഡ് ഷോട്ടുകൾ ഇത്ര മനോഹരമായി കളിച്ച വേറൊരു ബാറ്റ്സ്മാനില്ല. ഒപ്പം സ്റ്റേഡിയത്തിനു വെളിയിലേക്ക് പന്ത് അനായാസം പറപ്പിക്കാനുള്ള കഴിവും. സൗരവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായത് ഇങ്ങനെയൊക്കെയാണ്.

നന്ദി പ്രിയ സൗരവ് .. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ താങ്കളുടെ പതിനഞ്ച് വർഷങ്ങൾക്ക് , ടീം ഇന്ത്യക്ക് നൽകിയ ചങ്കുറപ്പിന് . താങ്കൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കാം . പക്ഷേ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് താങ്കൾക്ക് ഒരിക്കലും വിരമിക്കാനാകില്ല…

പിറന്നാളാശംസകൾ

913 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close