വിശാഖപട്ടണം: ഇന്ത്യയുമായുള്ള ട്വിന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്ക് ജയം. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഓസിസിന്റെ ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ വിജയലക്ഷ്യമായ 127 റൺസ് അവസാന പന്തിലാണ് ഓസീസ് മറികടന്നത്. 56 റൺസെടുത്ത ഗ്ലെൻ മാക്സ് വെല്ലാണ് ഓസീസ് നിരയിലെ ടോപ്സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞുള്ളു. അർദ്ധസെഞ്ച്വറി നേടിയ ലോകേഷ് രാഹുൽ മാത്രമാണ് തിളങ്ങിയത്. 36 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സറും ഉൾപ്പെടെ രാഹുൽ 50 റൺസെടുത്തു. വിരാട് കോഹ് ലി 24ഉം ധോണി പുറത്താകാതെ 29 ഉം റൺസെടുത്തു. ഇന്ത്യൻ നിരയിൽ അഞ്ച് ബാറ്റ്സ്മാന്മാർക്ക് രണ്ടക്കം കാണാനായില്ല.
മൂന്നുവിക്കറ്റ് വീഴ്‌ത്തിയ നഥാൻ കോൽട്ടറാണ് പ്ളേയർ ഓഫ് ദ മാച്ച്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് 1-0ന് മുന്നിലായി.















