കോയമ്പത്തൂർ: ഐ ലീഗ് ഫുട്ബോൾ ടൂർണമെന്റിലെ നിർണ്ണായക മത്സരത്തിൽ മിനർവ പഞ്ചാബിനെ പരാജയപ്പെടുത്തി ചെന്നൈ സിറ്റി തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കി. കോയമ്പത്തൂരിലെ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയുടെ വിജയം.
56ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയ പെഡ്രോ മാൻസിയും 69, 93 മിനിറ്റുകളിൽ ഇരട്ട ഗോൾ നേടിയ ഗൗരവ് ബോറയുമാണ് ചെന്നൈ സിറ്റിയുടെ വിജയശില്പികൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ റോളണ്ട് ബിലാലയുടെ ഗോളിലൂടെ മിനർവ മുന്നിലെത്തിയെങ്കിലും പിന്നീട് ചെന്നൈ ആക്രമണത്തിന് മുന്നിൽ പതറുകയായിരുന്നു.
20 മത്സരങ്ങളിൽ നിന്ന് 13 വിജയവും നാല് സമനിലയും മൂന്ന് തോൽവികളുമടക്കം 43 പോയിന്റുകൾ കരസ്ഥമാക്കിയാണ് ചെന്നൈ കിരീടത്തിൽ മുത്തമിട്ടത്. 42 പോയിന്റുകളുമായി ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തെത്തി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്സിയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.
20 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും എട്ട് സമനിലയും ഒമ്പത് തോൽവിയുമടക്കം 17 പോയിന്റ് നേടി ഒമ്പതാം സ്ഥാനത്താണ് ഗോകുലം കേരള എഫ്സി.















