ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പിന് പിന്നാലെ ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം റദ്ദാക്കി. ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ചയായിരുന്നു ഹെഗ്ലി ഓവല്‍ ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ആക്രമണസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപത്ത് ഉണ്ടായിരുന്നു. ഇവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഇവരെ തിരികെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. തങ്ങള്‍ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാല്‍ ട്വീറ്റ് ചെയ്തു.
പള്ളിയിലേക്ക് ഇപ്പോള്‍ ആരും വരരുതെന്ന കര്‍ശന നിര്‍ദേശം അധികാരികള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പൂട്ടണമെന്നും പൊലീസ് നിര്‍ദ്ദേശമുണ്ട്. ഇത് ന്യൂസിലാന്‍ഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണെന്നാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞത്.