ബാഴ്‌സലോണ: യുഫേഫ ചാംപ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ ഇന്ന് ബാഴ്‌സലോണയും ലിവര്‍പൂളും ഏറ്റുമുട്ടും.ബാഴ്‌സയുടെ സ്വന്തം തട്ടകമായ നൂകാംപില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് മത്സരം.ഇരു ടീമുകളും മികച്ച ഫോമിലാണ്.എന്നാലും സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ മുന്‍തൂക്കം ബാഴ്‌സക്കുണ്ട്.മറുവശത്ത് എന്ത് വില കൊടുത്തും എവേ ഗോളിന്റെ ആനുകൂല്യം നേടാനുറച്ചാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്.
ഇന്നത്തെ കളി സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ലിവര്‍പൂള്‍ മാനേജര്‍ യൂര്‍ഗന്‍ ക്ലോപ്പും തമ്മിലാണ്.സമീപകാലത്തെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന മെസിയെ പിടിച്ചു കെട്ടുകയെന്നതാകും ക്ലോപ്പിന് തലവേദനയാകുക.എന്നാല്‍ ചാംപ്യന്‍സ് ലീഗ് നേടാനുറച്ച് ഇറങ്ങുന്ന മെസിക്കും കൂട്ടര്‍ക്കും മുന്നിലുള്ള ഏറ്റവും ശക്തരായ എതിരാളികളാണ് ലിവര്‍പൂള്‍.
ബാഴ്‌സയുടെ മുന്നേറ്റ നിരയില്‍ മെസിയും സുവാരസും ഇറങ്ങും.ഒപ്പം മുന്‍ ലിവര്‍പൂള്‍ താരം ഫിലിപ്പ് കൂട്ടീന്യോയോ ഉസ്മാന്‍ ഡെംബെലെയോ ആവും ആദ്യ പതിനൊന്നില്‍ ഇടം പിടിക്കുക.പ്രതിരോധം ജെറാര്‍ദ് പിക്വെയില്‍ സുരക്ഷിതം.ഒപ്പം ഗോളി ടെര്‍സ്‌റ്റെഗന്‍ കൂടി എത്തുമ്പോള്‍ ബാഴ്‌സയുടെ വല കുലുക്കുക അത്ര എളുപ്പമാകില്ല.
സീസണില്‍ ബാഴ്‌സ നേരിടാന്‍ പോകുന്ന ഏറ്റവും മികച്ച പ്രതിരോധ നിരയാകും ലിവര്‍പൂളിന്റേത്.ഡച്ച് താരം വിര്‍ജില്‍ വാന്‍ഡെയ്‌ക്കാണ് പ്രതിരോധത്തില്‍ ലിവര്‍പൂളിന്റെ ശക്തി.ഒപ്പം മുന്നേറ്റ നിരയില്‍ സാദിയോ മാനെ,മുഹമ്മദ് സാല,റോബര്‍ട് ഫിര്‍മിനോ എന്നിവരും കൂടി എത്തുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്.















