ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന 2019 ക്രിക്കറ്റ് ലോകകപ്പിന് ആരവമുയരാന്‍ ഇനി വെറും 28 ദിവസത്തെ കാത്തിരിപ്പ് മാത്രം. മെയ് 30-ന് ഓവലില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.
ഇത്തവണ ആരാണ് ഫേവറിറ്റ്സുകള്‍ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം പറയുക ബുദ്ധിമുട്ടാകും, കാരണം എല്ലാ ടീമുകളും ഏറ്റവും മികച്ച സ്ക്വാഡിനെയാണ് കളത്തിലിറക്കുന്നത്. എന്നാലും സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇംഗ്ലീഷ് പടക്ക് ലഭിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യക്ക് സാധ്യത കല്പ്പിക്കുന്നവരുമേറെയാണ്. എന്നാല്‍ കറുത്ത കുതിരകളാവാന്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തയ്യാറായിക്കഴിഞ്ഞു.
ഇത്തവണ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ പത്ത് ടീമുകളില്‍ ഏഴിന്റേയും നായകന്മാര്ക്ക് ഈ ലോകകപ്പ് ഒരു പരീക്ഷണം തന്നെയാണ്. കാരണം ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയുടെ വിരാട് കോഹ്ലി ഉള്‍പ്പടെയുള്ളവര്‍ ലോകകപ്പില്‍ ആദ്യമായാണ് ടീമിനെ നയിക്കുന്നത്. ക്യാപ്റ്റനെ പിന്തുണക്കാന്‍ വിക്കറ്റിന് മുന്നിലും പിന്നിലും 2011-ല്‍ കപ്പുയര്‍ത്തിയ ധോണിയുടെ ‘കൈകള്‍’ സഹായത്തിനുണ്ടാകും. ഇത് തന്നെയാണ് മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യക്കുള്ള മുന്‍തൂക്കം.
വിരാട് കോഹ്ലിക്ക് പുറമെ ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യാംസന്,ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസി,ഓസ്ട്രേലിയയുടെ അരോണ്‍ ഫിഞ്ച്,പാകിസ്ഥാന്റെ സര്‍ഫ്രാസ് അഹമ്മദ്,അഫ്ഗാനിസ്ഥാന്റെ ഗുല്‍ബുദ്ദീന്‍ നായിബ് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാതെ ഇത്തവണ ക്യാപ്റ്റനായ ശ്രീലങ്കയുടെ ദിമുത് കരുണരത്നയും ലോകകപ്പിന്റെ ‘പുതുമുഖ’ നായകന്മാരാണ്.
ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്ഗന്,വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍,ബംഗ്ലാദേശിന്റെ മഷ്റഫി മുര്‍ത്താസ എന്നിവര്‍ക്ക് ഇത് രണ്ടാമൂഴവും.
ഇന്ത്യ,ഇംഗ്ലണ്ട്,ഓസ്ട്രേലിയ,പാകിസ്ഥാന്,ന്യൂസിലാന്‍ഡ്,ദക്ഷിണാഫ്രിക്ക,ശ്രീലങ്ക,വെസ്റ്റ് ഇൻഡീസ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന് എന്നീ ടീമുകളാണ് ഇംഗ്ലണ്ടില്‍ മാറ്റുരക്കുക.
അടിമുടി മാറ്റവുമായാണ് ശ്രീലങ്ക ലോകകപ്പിന് എത്തുന്നത്. ‘കുട്ടിക്രിക്കറ്റ’ല്ലാത്തതിനാലാകും,ടൂര്‍ണ്ണമെന്റിലെ ഏറ്റവും ‘പ്രായം കൂടിയ’ ടീമാണ് ലങ്ക.29.9 ആണ് ലങ്കന്‍ ടീമിലെ കളിക്കാരുടെ ശരാശരി പ്രായം. സമീപ കാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായതിനാല്‍ തന്നെ പരിചയ സമ്പന്നരായ കളിക്കാരെയാണ് കളത്തിലിറക്കുന്നത്. ലസിത് മലിംഗ(35),സുറംഗ ലക്മല്‍(32),എയ്ഞ്ചലോ മാത്യൂസ്(31) എന്നിവര്‍ക്കൊപ്പം 36-കാരനായ ജീവന് മെന്‍ഡിസും ടീമിനൊപ്പമുണ്ട്.
ശ്രീലങ്കക്ക് പിന്നാലെ 29.5 ശരാശരിയില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് രണ്ടാം സ്ഥാനത്ത്. 40 കാരനായ ഇമ്രാന് താഹിര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ട്.
യുവത്വവും പരിചയ സമ്പത്തും കോര്‍ത്തിണക്കിയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ടീം സന്തുലിതമാണ്. 341 കളികളുടെ പരിചയ സമ്പത്തുമായി മഹേന്ദ്ര സിംഗ് ധോണിയും ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തൊട്ടു പിന്നില്‍ 206 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ്മയും ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നു.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലേ തന്നെ പരിചയ സമ്പന്നരായ ടീമുമായാണ് ബംഗ്ലാദേശ് എത്തുന്നതെന്ന് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹിം പറഞ്ഞു കഴിഞ്ഞു.
എന്തായാലും 4 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മെയ് 30-ന്
ക്രിക്കറ്റ് ലോകകപ്പിന് തുടക്കം കുറിക്കുകയാണ്. ആവേശത്തിനും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ ജൂലൈ 14-ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ക്രിക്കറ്റ് ലോകത്തിന്റെ അമരക്കാര്‍ ആരാകുമെന്ന് കാത്തിരുന്ന് കാണാം.















