ന്യൂഡൽഹി: ഐപിഎൽ 2019ൽ നിലനിൽക്കാൻ വിജയം അനിവാര്യമായിരുന്ന രാജസ്ഥാൻ റോയൽസ് അവസാന ലീഗ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റ് പുറത്തായി. സ്ട്രൈക് ബൗളർ റബാഡ ഇല്ലതെ ഇറങ്ങിയിട്ടും വിനാശകരമായ ബൗളിംഗ് പുറത്തെടുത്ത ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ രാജസ്ഥാൻ റോയൽസിന്റെ മുൻ നിരയും മദ്ധ്യനിരയും തകർന്നടിഞ്ഞു.
യുവതാരം റയാൻ പരാഗിന്റെ അർദ്ധസെഞ്ചുറിയൊഴികെ എടുത്ത് പറയാൻ മറ്റൊന്നുമില്ലാതിരുന്ന രാജസ്ഥാൻ ബാറ്റിംഗ് നിര നിശ്ചിത ഓവറുകളുടെ അവസാനം 115/9ൽ അവസാനിച്ചു. 23 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തിയ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ പരാജയത്തോടെ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാദ്ധ്യതകൾ അവസാനിച്ചു.
ബാംഗ്ലൂരുമായുള്ള രാജസ്ഥാന്റെ കഴിഞ്ഞ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. 13 കളികളിൽ നിന്ന് 11 പോയിന്റുമായാണ് രാജസ്ഥാൻ തങ്ങളുടെ അവസാന ലീഗ് മത്സരത്തിനിറങ്ങിയത്. ജയിച്ചാലും പ്ലേ ഓഫ് സാദ്ധ്യത ത്രിശങ്കുവിലായിരുന്ന രാജസ്ഥാന് മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ച് ടൂർണമെന്റിൽ നിലനിൽക്കാനുള്ള സാദ്ധ്യതയും ഈ പരാജയത്തോടെ അടഞ്ഞു.
റോയൽസിന് ഒട്ടും ശുഭകരമായിരുന്നില്ല കോട്ലയിൽ ശനിയാഴ്ച. പവർപ്ലേ അവസാനിക്കുമ്പോൾ നാലിന് നാൽപ്പത് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. അവരുടെ മുൻ നിര താരങ്ങളെല്ലാം നിസ്സാര സ്കോറിന് പുറത്തായി. രാജസ്ഥാൻ ബാറ്റിംഗ് നിരയിലുടനീളം വിനാശം വിതച്ചത് ഡൽഹി ബൗളർ അമിത് മിശ്രയുടെ കുത്തിത്തിരിയുന്ന പന്തുകളായിരുന്നു. എന്നാൽ പക്വതയോടെ ബാറ്റ് വീശിയ രാജസ്ഥാൻ യുവതാരം പരാഗിന്റെ പ്രകടനമാണ് സന്ദർശകരെ നൂറ് കടത്തിയത്. 49 പന്തിൽ നിന്നാണ് പരാഗ് 50 റൺസെടുത്തത്.
മറുപടി ബാറ്റിംഗിനിറംഗിയ ഡൽഹിയെ, അടുത്തടുത്ത പന്തുകളിൽ ഓപ്പണർമാരായ ശിഖർ ധവാനെയും പൃഥ്വി ഷായെയും പുറത്താക്കിക്കൊണ്ട് രാജസ്ഥാൻ സ്പിന്നർ ഇഷ് സോധി ഞെട്ടിച്ചു. എന്നാൽ ഋഷഭ് പന്തും നായകൻ ശ്രേയസ് അയ്യരും കൂറ്റനടികളിലൂടെ മത്സരം ഡൽഹിയുടെ വരുതിയിലാക്കുകയായിരുന്നു. പത്ത് ഓവറിൽ ലക്ഷ്യം നേടാൻ സാധിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിംഗിസിനെ മറികടക്കാൻ ഡൽഹിക്ക് സാധിക്കുമായിരുന്നു. പക്ഷേ സാഹസത്തിന് മുതിരാതെ ബാറ്റ് വീശിയ ഡൽഹി ക്യാപിറ്റൽസ് 16.1 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഋഷഭ് പന്തിന്റെ അർദ്ധശതകം രാജസ്ഥാന്റെ എല്ലാ സാദ്ധ്യതകളെയും അവസാനിപ്പിച്ചു.















