Sports

വീണ്ടുമൊരു കരീബിയൻ വസന്തത്തിനായി വിൻഡിസിന്റെ പുതിയ തലമുറയെത്തുന്നു

പ്രശാന്ത് കുമാർ

ഏകദിന ലോകകപ്പിന് ഇനി 6 നാൾ കൂടി. ക്രിക്കറ്റിന്റെ നെറുകയിലേക്ക് വെസ്റ്റ് ഇൻഡീസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വ്യക്തിഗത മികവിനപ്പുറത്തേക്ക് ടീം എന്ന നിലയിൽ മുന്നേറാനായാൽ വിൻഡീസിന് ലോഡ്സിൽ ഇത്തവണ മൂന്നാം കിരീടം ഉയർത്താനാകും.

ലോകക്രിക്കറ്റിൽ വീണ്ടുമൊരു കരീബിയൻ വസന്തത്തിനായി വിൻഡിസിന്റെ പുതിയ തലമുറയെത്തുന്നു. 1975 ലും 1979 ലും ലോകകിരീടം സ്വന്തമാക്കിയ ക്ലൈവ് ലോയ്ഡിന്റെയും സംഘത്തിന്റെയും പിൻഗാമികളാകാൻ. പ്രതാപ കാലത്തിന്റെ നിഴൽ മാത്രമാണ് ഇപ്പോഴത്തെ കരീബിയൻ നിരയെങ്കിലും ആധുനിക ക്രിക്കറ്റിന്റെ വേഗതക്കൊപ്പം സഞ്ചരിക്കുന്ന ഒരുപിടി താരങ്ങളുണ്ട് വിൻഡീസിന്.

ബാറ്റിംഗ് വിസ്ഫോടനം തീർക്കാൻ ക്രിസ് ഗെയ് ലിനൊപ്പം എവിൻ ലൂയിസും ഷായ് ഹോപ്പും ഷിംറോൺ ഹെയ്റ്റ് മെയറും നിക്കോളാസ് പൂരനുമൊക്കെയുണ്ട്. മധ്യനിരയിൽ തകർത്തടിക്കാൻ ആന്ദ്രെ റസലും ബ്രാത് വെയ്റ്റും നായകൻ ജേസൺ ഹോൾഡറും ചേരുന്നതോടെ ബാറ്റിംഗ് നിര അതി ശക്തം. കെമാർ റോച്ചും ഷാനോൻ ഗെബ്രിയേലും ഒഷാനെ തോമസും ചേരുന്ന പേസ് നിര ഏത് ബാറ്റിംഗ് നിരയേയും തകർത്തെറിയാൻ പോന്നതാണ്. ഫാബിയൻ അലനും ആഷ് ലി നഴ്സുമാണ് വിൻഡീസ് നിരയിലെ സ്പിന്നർമാർ.

ഐപിഎല്ലിൽ നിറഞ്ഞാടിയ ക്രിസ് ഗെയ്ലും ആന്ദ്രെ റെസലും മിന്നും പ്രകടനങ്ങൾ ഇംഗ്ലണ്ടിലും ആവർത്തിച്ചാൽ വിൻഡിസിന് മൂന്നാം കിരീടം ഏറെ വിദൂരത്താവില്ല. ഓൾറൗണ്ടർമാരായ കീറൻ പൊളാർഡിനും ഡെയ്ൻ ബ്രാവോയ്ക്കും സുനിൽ നരെയ്നും ടീമിൽ ഇടം നൽകാതെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ കടുംപിടുത്തങ്ങളാണ്  കരീബിയൻ നിരയുടെ തിരിച്ചുവരവിന് വിഘാതമാകുന്നത്. വ്യക്തിഗത മികവ് പരിഗണിച്ചാൽ ലോകകപ്പ് നേടാൻ കരുത്തുള്ള താരങ്ങളെ ഒറ്റ ടീമായി, വിജയിക്കുന്ന സംഘമായി മാറ്റാൻ മുൻ നായകൻ കൂടിയായ പരിശീലകൻ ഫ്ളോയിഡ് റീഫറിന് സാധിച്ചാൽ വെസ്റ്റ് ഇൻഡീസിന്റെ തിരിച്ചുവരവിനാകും ലോഡ്സ് സാക്ഷ്യം വഹിക്കുക.

ക്ലൈവ് ലോയ് ഡും, ഫ്രഡറിക് കാളിചരണും, ഗ്രിനിഡ്ജും, വിൻഡീസിനെ നയിച്ച ആദ്യ ഇന്ത്യൻ വംശജനായ രോഹൻ കനായിയുമടക്കം നേടിയ, വിവിയൻ റിച്ചാർഡ്സനും ബ്രയാൻ ലാറയ്ക്കും, ഇയാൻ ബിഷപ്പിനും, കാൾ ഹൂപ്പറിനും ആംബ്രോസിനും ചന്ദർപോളിനും ഒക്കെ നേടാനാകാതെ പോയ ഏകദിന ലോകകപ്പ് കിരീടം ജേസൻ ഹോൾഡറിനും സംഘത്തിനും സ്വന്തമാക്കാം. സ്വന്തം കരുത്ത് ലോകകപ്പ് വേദിയിൽ തെളിയിക്കാനായാൽ…

161 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close