Sports

രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് മരതക ദ്വീപുകാർ

പ്രശാന്ത് കുമാർ

രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് മരതക ദ്വീപുകാർ എത്തുന്നു. 1996 ൽ സ്വന്തമാക്കിയ, 2007 ലും 2011 ലും കൈവിട്ട കിരീടം തിരികെപ്പിടിക്കുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം.

പോരാട്ട വീര്യംകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ശ്രീലങ്ക. 1975 ലെ ആദ്യ ലോകകപ്പു മുതൽ കിരീടപോരാട്ടത്തിൽ മുന്നേറിയ മരതക ദ്വീപുകാർ കന്നിക്കിരീടത്തിൽ മുത്തമിടുന്നത് 1996 ലെ വിൽസ് വേൽഡ് കപ്പിൽ. അർജുന രണതുംഗയുടെ നേതൃത്വത്തിലിറങ്ങി ലങ്കൻനിരയെ കിരീടത്തിലെത്തിച്ചത് ഓപ്പണറായി മിന്നിയ സനത് ജയസൂര്യയുടേയും അരവിന്ദ ഡിസൽവയുടേയും ചാമിന്ദവാസിന്റെയും മുത്തയ്യ മുരളീധരന്റെയുമൊക്കെ അതുല്യ പോരാട്ടങ്ങൾ.

1999 ലോകകപ്പിൽ നിറംമങ്ങിയ ലങ്ക 2003 ൽ ശക്തായി തിരിച്ചുവന്നു. എന്നാൽ സെമിയിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് മടങ്ങി. 2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യയെ ഞെട്ടിച്ച ലങ്ക സെമിയിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഫൈനൽ ബർത്ത് ഉറപ്പിച്ചു. മഴ കളിച്ച ഫൈനലിൽ ഓസ്ട്രേലിയോട് പരാജയപ്പെട്ട മഹേല ജയവർദ്ധനയും സംഘവും രണ്ടാം കിരീടമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാതെ മടങ്ങി.

2011 ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പിലും വിധി മറിച്ചായില്ല. ന്യൂസിലൻഡിനെ തകർത്ത് ഫൈനലിലേക്ക് മുന്നേറിയ സംഗക്കാരയ്ക്കും സംഘത്തിനും ഗൗതം ഗംഭീറിന്റെയും എം എസ് ധോണിയുടേയും തകർപ്പൻ ഇന്നിംഗ്സിന് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. 2015 ക്വാർട്ടറിൽ ദക്ഷിണാഫ്രിക്കയോട് മാറ്റുരച്ച് ലങ്ക മടങ്ങി.

ദിൽഷനും ജയവർദ്ധനയും സംഗക്കാരയും പാഡഴിച്ചതോടെ ലങ്കയ്ക്ക് പഴയ കരുത്തില്ല. ദിമുത് കരുണരത്നെ നയിക്കുന്ന ടീമിൽ നിർണായകമാവുക എയ്ഞ്ചലോ മാത്യൂസിന്റയും തിസാര പെരേരയുടേയും ലസിത് മലിംഗയുടേയും ഒക്കെ പ്രകടനമാകും. മുൻ താരം കൂടിയായ പരിശീലകൻ ചന്ദിക ഹതുരുസിങ്കയിൽ നിന്നും ലങ്കൻ ആരാധകർ അത്ഭുതങ്ങൾ
പ്രതീക്ഷിക്കുന്നുണ്ട്.

പോരാടാനുള്ള സിംഹള വീര്യം നിലനിർത്താനായാൽ റൗണ്ട് റോബിൻ കടമ്പ കടന്ന് ലങ്കയ്ക്ക് മുന്നേറാം.

72 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close