ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടില്‍ കീവീസ് ബൗളിംഗ് നിരക്ക് മേല്‍ കരീബിയന്‍ സംഹാര താണ്ഡവം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 49ആം ഓവറിലെ രണ്ടാം പന്തില്‍ അവസാന ബാറ്റ്സ്മാനായി വിന്‍ഡീസിന്റെ കെമര്‍ റോച്ച് പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 421 റണ്‍സ്. ന്യൂസിലാന്‍ഡിന്റെ മറുപടി ബാറ്റിംഗ് 47.2 ഓവറില്‍ 330 റണ്‍സില്‍ അവസാനിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഷായ് ഹോപ് നേടിയ സെഞ്ചുറിയാണ് വിന്‍ഡീസ് സ്കോര്‍ ബോര്‍ഡിന്റെ നട്ടെല്ല്. 86 പന്തില്‍ നിന്നാണ് ഹോപ് 101 റണ്‍സ് നേടിയത്. 22 പന്തില്‍ 36 റണ്‍സ് നേടിയ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല്ലും 54 പന്തില്‍ 50 റണ്‍സ് നേടിയ എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്.
ഐപിഎല്‍ അവസാനിച്ചത് അറിയാത്തത് പോലെ ബാറ്റ് വീശിയ ആന്ദ്രെ റസ്സല്‍ 25 പന്തില്‍ 7 ബൗണ്ടറിയും 3 സിക്സുമടക്കം 54 റണ്‍സ് നേടി. നായകന് ജേസണ്‍ ഹോള്‍ഡര്‍ 32 പന്തില്‍ 47 റണ്‍സ് നേടി സ്കോറിംഗ് നിരക്ക് താഴാതെ കാത്തു. ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ആഷ്ലി നേഴ്സ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് അക്ഷരാര്‍ത്ഥത്തില്‍ കളം നിറഞ്ഞാടി.
ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ സാമാന്യം നല്ല രീതിയില്‍ തല്ല് വാങ്ങി. രണ്ട് വിക്കറ്റ് നേടാനായെങ്കിലും മാറ്റ് ഹെന്‍ഡ്രി 9 ഓവറില്‍ വിട്ടു കൊടുത്തത് 107 റണ്‍സ്. ലോക്കി ഫെര്ഗൂസന് പത്ത് ഓവറില്‍ 86 റണ്‍സ് വഴങ്ങിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍ 9 ഓവറില്‍ 71 റണ്‍സ് വിട്ടു കൊടുത്ത് 1 വിക്കറ്റ് നേടി. 9.2 ഓവറില്‍ 50 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ട് മാത്രമാണ് കീവീസ് ബൗളിംഗ് നിരയുടെ പെരുമ കാത്തത്. എക്സ്ട്രാ ഇനത്തിലും ന്യൂസീലാന്‍ഡ് ബൗളര്‍മാര്‍ 26 റണ്‍സ് വഴങ്ങി.
422 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച കീവീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ മാര്ട്ടിന് ഗുപ്റ്റിലിന്റേയും(5) ഹെന്റി നിക്കോളാസിന്റേയും(15) വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ നായകന് കെയ്ന്‍ വില്യാംസന് രക്ഷാദൗത്യത്തിന്റെ ചുമതല ഏറ്റെടുത്ത് സ്കോറിംഗിന് വേഗം കൂട്ടി. റോസ് ടെയ്ലര് 2 റണ്‍സ് നേടി പുറത്തായതോടെ ന്യൂസിലാന്‍ഡ് വീണ്ടും സമ്മര്‍ദ്ദത്തിലായി. കെയ്ന്‍ വില്യാംസന് 64 പന്തില്‍ 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 85 റണ്‍സ് നേടിയാണ് പുറത്തായത്.
ടോം ബ്ലന്‍ഡല്‍ പൊരുതി നേടിയ സെഞ്ച്വറിയായിരുന്നു കീവീസ് നിരയില്‍ എടുത്തു പറയാനുണ്ടായിരുന്നത്. 8 ബൗണ്ടറികളും 5 സിക്സറുകളും സഹിതം നേടിയ 106 റണ്‍സ് ന്യൂസിലാന്‍ഡിന്റെ റണ്‍ ചേസില്‍ മികച്ചു നിന്നു. കാര്‍ലോസ് ബ്രാത്വെയ്റ്റാണ് ബ്ലന്‍ഡലിന്റെ വീക്കറ്റ് വീഴ്ത്തിയത്. അവസാന നിമിഷം ആഞ്ഞടിച്ച ഇഷ് സോധി 16 പന്തില്‍ 39 റണ്‍സ് നേടി.
വെസ്റ്റ് ഇന്‍ഡീസിനായി കാര്‍ലോസ് ബ്രാത്വെയ്റ്റ് 3 വിക്കറ്റും ഫാബിയന്‍ അലന് 2 വിക്കറ്റും നേടി. ആഷ്ലി നേഴ്സ്, ഒഷെയ്ന് തോമസ്, കെമാര്‍ റോച്ച്, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
സന്നാഹ മത്സരങ്ങളില്‍ ഇംഗ്ലണ്ടിലെ പിച്ചുകളില്‍ റണ്ണൊഴുകുന്നത് വരാനിരിക്കുന്ന മത്സരങ്ങളിലെ ആവേശം വാനോളമുയര്‍ത്തുമെന്ന കണക്ക് കൂട്ടലുകളിലാണ് ക്രിക്കറ്റ് ലോകം.















