നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വെസ്റ്റ്ഇൻഡീസും പാകിസ്ഥാനും ഏറ്റുമുട്ടും. നോട്ടിംഗ്ഹാമിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങും.
പഴയ പ്രതാപികളുടെ പോരാട്ടമായി വിശേഷിപ്പിക്കാം ഇന്ന് നടക്കുന്ന വെസ്റ്റ് ഇൻഡീസ് – പാകിസ്ഥാൻ പോരാട്ടത്തെ. 1975ലും 1979ലും ലോകകിരീടം നേടിയ കരീബിയൻ കരുത്തർ പക്ഷെ പിന്നീട് മങ്ങിപ്പോകുന്നതാണ് കണ്ടത്. എന്നാൽ സമീപകാലത്തെ മികച്ച നിരയുമായെത്തുന്ന വിൻഡീസിന് ട്വന്റി 20യിൽ മാത്രമല്ല തങ്ങളുടെ പ്രതാപമെന്ന് തെളിയിക്കാനുള്ള മികച്ച അവസരമാണ് ഈ ലോകകപ്പ്.
അഞ്ചാം ലോകകപ്പിനിറങ്ങുന്ന ക്രിസ് ഗെയിലിനെ ലോകം ഉറ്റുനോക്കുന്നു. ബാറ്റിംഗ് പ്രതീക്ഷയിൽ ഷായ് ഹോപ്പും എവിൻ ലെവിസും കാർലോസ് ബ്രാത്വൈറ്റും ഡാരൻ ബ്രാവോയും ആൻഡ്രെ റസലും ഷിമ്രോൺ ഹെറ്റ്മെയറും ഉണ്ട്. ന്യൂസിലൻഡിനെതിരായ സന്നാഹമത്സരത്തിൽ 421 റൺസടിച്ച് കരുത്ത് തെളിയിച്ച നിരയുടെ സ്ഥിരതയാണ് ഇനി വേണ്ടത്. ജേസൺ ഹോൾഡർ നേതൃത്വം നൽകുന്ന ടീമിന്റെ ബൗളർമാർ ശരാശരി നിലവാരം പുലർത്തുന്നു. ഗബ്രിയേൽ, കെമർ റോച്ച്, ഓഷാനേ തോമസ് തുടങ്ങിയവർ മികച്ചവർ.
മറുവശത്ത് 1992ലെ ലോക ജേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ അത്ര മെച്ചമല്ല. തുടർച്ചയായി പത്ത് തോൽവികളുടെ തളർച്ചയുണ്ട്. ഇംഗ്ളണ്ടുമായുള്ള പരമ്പര 0-4ന് തോറ്റ പാകിസ്ഥാൻ എല്ലാ മത്സരത്തിലും 350ൽ ഏറെ റൺസ് വഴങ്ങുകയും ചെയ്തു. അതുകൊണ്ടു തന്നെ ബൗളിംഗിലെ ദൗർബല്യം പരിഹരിക്കേണ്ടിയിരിക്കുന്നു. ബൗളിംഗ് കുന്തമുനയായ ഹസൻ അലിയുടെ മോശം ഫോം പോരായാമയാണ്. ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിന്റെ വലിയ തലവേദനയും ഇതുതന്നെ.
ഓപ്പണർമാരായ ഫക്കാർ സമാൻ, ഇമാം ഉൾ ഹഖ് എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷയേറെയും. തങ്ങളുടേതായ ദിനത്തിൽ ഏത് കരുത്തരേയും കൊമ്പുകുത്തിക്കാനും, എന്നാൽ ചിലപ്പോൾ ഏത് ദുർബലരോടും മുട്ടുമടക്കുന്നതുമാണ് ഇരു ടീമിന്റെ അടിസ്ഥാന സ്വഭാവം. അതുകൊണ്ടുതന്നെ പ്രവചനങ്ങൾക്ക് സ്ഥാനവും ഇല്ല.















