ബാങ്കോക്ക്: കിംഗ്സ് കപ്പ് ഫുട്ബോളില്‍ തായ്ലന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തായ്ലന്‍ഡിനെ മറികടന്നത്. അനിരുഥ് ഥാപ്പയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. ജയത്തോടെ ഇന്ത്യക്ക് വെങ്കലം ലഭിച്ചു. തായ്ലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന രണ്ടാം വിജയമാണിത്.
17-ാം മിനിട്ടില്‍ തായലന്‍ഡ് ഗോള്‍ പോസ്റ്റിനു മുന്നില്‍ നിന്നും ഡിഫന്‍ഡര്‍മാര്‍ ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്ത ആദില്‍ നല്കിയ ക്രോസാണ് അനിരുഥിന്റെ ഗോളിന് വഴിയൊരുക്കിയത്. ആദില്‍ നീട്ടി നല്കിയ പന്ത് അനിരുഥിന് പോസ്റ്റിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളൂ. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോള്‍ വഴങ്ങിയതോടെ തായ്ലന്ഡ് പ്രത്യാക്രമണമാരംഭിച്ചു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് ചുവടുമാറ്റി.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബല്‍വന്ദ് സിംഗ്, ഫറൂഖ് ചൗധരി എന്നിവരെ തിരിച്ചു വിളിച്ച് മന്‍വീര്‍ സിംഗ്, ജാക്കിചന്ദ് സിംഗ് എന്നിവരെ ഇന്ത്യ കളത്തിലിറക്കി. തുടര്‍ന്ന് 74-ാം മിനിട്ടില്‍ റയ്നിയര് ഫെര്‍ണാണ്ടസിനു പകരക്കാരനായി സഹല്‍ അബ്ദുള്ളയും ഇറങ്ങിയതോടെ ഇന്ത്യന്‍ ടീം കൂടുതല്‍ ആവേശത്തിലായി. ഇതോടെ ഒരുപോലെ ഉണര്‍ന്നു കളിച്ച മധ്യനിരയും പ്രതിരോധ നിരയും തായ്ലന്ഡ് സ്വപ്നങ്ങളെ പിടിച്ചു കെട്ടി.
പുതിയ കോച്ച് ഇഗര്‍ സ്റ്റിമാക്ക് ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയമാണിത്. സെമിയില്‍ ക്യുറോസോയോട് തോറ്റ ടീമില്‍ നിന്ന് എട്ട് മാറ്റങ്ങളുമായിറങ്ങിയ ടീമില്‍ സുനില്‍ ഛേത്രിക്കും സ്ഥാനം ലഭിച്ചില്ല. ലോംഗ് പാസുകള്‍ക്ക് പകരം പന്ത് കൂടുതല്‍ സമയം കൈവശം വെച്ചുള്ള കളിക്കാണ് ഇന്ത്യ ഇന്ന് മുന്‍തൂക്കം നല്‍കിയത്. തോല്‍വിയോടെ കിംഗ്സ് കപ്പില്‍ ആതിഥേയരായ തായ്ലന്ഡ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.















