മാഞ്ചസ്റ്റര്‍: റെക്കോര്‍ഡുകള്‍ കൊണ്ട് പെരുമഴ തീര്‍ത്ത ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന് മത്സരത്തില്‍ ഇടിമിന്നലായത് ഇംഗ്ലീഷ് നായകന് ഇയന്‍ മോര്‍ഗനായിരുന്നു. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മോര്‍ഗനു സ്വന്തം.
അഫ്ഗാനിസ്ഥാന് ബോളര്‍മാരെ 17 തവണയാണ് മോര്ഗന് അതിര്‍ത്തി കടത്തിയത്. ഇതോടെ ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമായി മോര്ഗന് മാറി. 16 സിക്സറുകള്‍ വീതം നേടിയ ഇന്ത്യയുടെ രോഹിത് ശര്‍മ്മയേയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്സിനേയും വിന്‍ഡീസ് താരം ക്രിസ് ഗെയിലിനേയുമാണ് മോര്ഗന് പിന്നിലാക്കിയത്.
അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാനെ മാത്രം 7 തവണയാണ് മോര്ഗന് സിക്സര്‍ പറത്തിയത്. ഇതോടെ ഏകദിനത്തില്‍ ഒരു ബാറ്റ്സ്മാന് ഒരു ബോളര്‍ക്കെതിരെ നേടുന്ന ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡും മോര്ഗന് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.
71 പന്തില്‍ നിന്നും 148 റണ്‍സ് നേടിയ മോര്‍ഗന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് 397 റണ്‍സ് നേടി. ഈ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്കോറാണിത്. ലോകകപ്പ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ സ്കോറും ഇതുതന്നെ.