SportsSpecial

കപിലിന്റെ ചെകുത്താൻമാർ ലോർഡ്സിൽ കപ്പുയർത്തിയിട്ട് ഇന്ന് 36 വർഷം

1983 ജൂൺ 25, ഇന്ത്യൻ ക്രിക്കറ്റിനും വിൻഡീസ് ക്രിക്കറ്റിനും മറക്കാൻ കഴിയാത്ത ദിനം. അന്നാണ് ലോർഡ്സിൽ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നടന്നത്. തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിൻഡീസും കറുത്ത കുതിരകളായ ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിൽ കരീബിയൻ പടയ്ക്ക് വിജയം ഉറപ്പിച്ചാണ് ഏവരും മത്സരം കാണാനെത്തിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ക്ലൈവ് ലോയിഡിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിൽ തന്നെ കരീബിയൻ പേസ് പട പന്തെറിഞ്ഞു.

രണ്ട് റൺസെടുത്ത സുനിൽ ഗാവസ്കറെ ആൻഡി റോബർട്സ് വിക്കറ്റ് കീപ്പർ ഡ്യൂജോണിന്റെ കൈകളിൽ എത്തിക്കുമ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ രണ്ട് റൺസ് മാത്രം. തുടർന്ന് ശ്രീകാന്തും മൊഹീന്ദർ അമർനാഥും തമ്മിലുള്ള 57 റൺസിൻറെ നിർണായക കൂട്ടുകെട്ട്.

ശ്രീകാന്ത് 38ഉം അമർനാഥ് 26 ഉം റൺസെടുത്ത് പുറത്തായി. യശ്പാൽ ശർമ്മ 11ഉം സന്ദീപ് പാട്ടീൽ 27ഉം കപിൽദേവ് 15 ഉം റൺസിന് പുറത്തായതോടെ വലിയ ടോട്ടലെന്ന ലക്ഷ്യം അപ്രാപ്യമെന്ന് ഉറപ്പിച്ചു. 153 റൺസ് നേടുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ അവസാന രണ്ട് വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തത് ഗുണം ചെയ്തു. മദൻലാൽ 17ഉം സയ്യിദ് കിർമാനി 14 ഉം ബൽവീന്ദർ സിംഗ് സന്ധു 11ഉം റൺസെടുത്ത് മടങ്ങി. 54.4 ഓവറിൽ ഇന്ത്യ 183ന് പുറത്ത്.

പകുതിവേളയിൽ വിൻഡീസിന് ജയമുറപ്പിച്ചവരാണ് മുഴുവനുമെങ്കിലും പ്രവചനങ്ങൾ തകർന്നടിയുന്നതാണ് പിന്നീട് കണ്ടത്. വിജയ ടോട്ടൽ അല്ലെങ്കിലും പൊരുതാൻ പോന്ന സ്കോറാണ് തങ്ങളുടേതെന്ന കപിലിന്റെ വാക്കുകൾ ടീം നെഞ്ചിലേറ്റിയപ്പോൾ തക‍ർന്നടിഞ്ഞത് ലോകത്തെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിരയാണ്.

അമർനാഥും മദൻലാലും സന്ധുവും കപിലും ബിന്നിയും പുറത്തെടുത്തത് അവിശ്വസനീയ മികവ്. മത്സരം റാഞ്ചിയെടുക്കാൻ കെൽപ്പുള്ള വിവിയൻ റിച്ചാഡ്സിനെ പുറത്താക്കാൻ പുറം തിരിഞ്ഞോടി കപിലെടുത്ത ക്യാച്ചും നിർണായകമായി. വിൻഡീസിനെ 52 ഓവറിൽ 140 ന് പുറത്താക്കിയ ഇന്ത്യ പുതുചരിത്രം കുറിച്ചു. അമർനാഥും മദൻലാലും മൂന്നുവിക്കറ്റ് വീതവും സന്ധു രണ്ട് വിക്കറ്റും വീഴ്ത്തി. കപിലിനും ബിന്നിക്കും ഓരോ വിക്കറ്റുവീതവും ലഭിച്ചു.

വിലപ്പെട്ട 26 റൺസും, 12 റൺസ് വഴങ്ങി മൂന്നുവിക്കറ്റും വീഴ്ത്തിയ മൊഹീന്ദ‍ർ അമർനാഥിന്‍റെ ഓൾറൗണ്ട് മികവിനെ തേടി പ്ളേയർ ഓഫ് ദ മാച്ച് പുരസ്കാരം. കൂട്ടായ്മയിലൂടെ ജയം നേടിയ കപിലും കൂട്ടരും ഇന്ത്യയിൽ ക്രിക്കറ്റിന് അസാമാന്യ വേരോട്ടവും നൽകി.

584 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close