ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപത് വിക്കറ്റ് ജയം. 204 റൺസ് വിജയലക്ഷ്യം 76 പന്തുകൾ ശേഷിക്കെ പ്രോട്ടീസ് ബാറ്റിംഗ് നിര മറികടന്നു. 25 റൺസ് വഴങ്ങി ലങ്കയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ഡ്വയ്ൻ പ്രിട്ടോറിയസാണ് കളിയിലെ താരം. തോൽവിയോടെ ലങ്കയുടെ സെമി സാധ്യത മങ്ങി.
ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് സ്കോർബോർഡ് തുറക്കും മുൻപെ നായകൻ ദിമുത് കരുണരത്നയുടെ വിക്കറ്റ് നഷ്ടമായി. റബാദയുടെ ആദ്യ പന്തിൽ. പിന്നെ കുശാൽ പെരേരയും അവിഷ്ക ഫെർണാണ്ടോയും രണ്ടാം വിക്കറ്റിൽ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട്. ഇരുവരെയും 30 റൺസിന് പുറത്താക്കിയ പ്രിട്ടോറിയസ് കുശാൽ മെൻഡിസിനെ വീഴ്ത്തി ലങ്കയെ ഞെട്ടിച്ചു.
എയ്ഞ്ചലോ മാത്യൂസും ജീവൻ മെൻഡിസും പൊരുതാതെ മടങ്ങിയതോടെ ലങ്കയുടെ പ്രതീക്ഷയറ്റു. ക്രിസ് മോറിസിനായിരുന്നു ഇരുവരുടേയും വിക്കറ്റ്. ചെറുത്തുനിന്ന ധനഞ്ജയ ഡിസിൽവയും തിസാര പെരേരയും ലങ്കയെ 200 ന് അരികെയെത്തിച്ചു.
204 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പ്രോട്ടീസിന് ക്വിന്റൺ ഡികോക്കും ഹഷിം അംലയും ചേർന്ന നൽകിയത് ഭേദപ്പെട്ട തുടക്കം. ഡികോക്കിനെ 15 റൺസ് എടുത്ത് നിൽക്കെ മലിംഗ മികച്ചൊരു യോർക്കറിൽ മടക്കി. അംലയ്ക്ക് കൂട്ടായി ഡു പ്ലസി എത്തിയതോടെ ദക്ഷിണാഫ്രിക്ക അനായാസ ജയത്തിലേക്ക്.
ഹഷിം ആംല 105 പന്തിൽ 80 ഉം ഡു പ്ലസി 103 പന്തിൽ 96 റൺസുമായി പുറത്താകാതെ നിന്നു. ഈ ലോകകപ്പിലെ രണ്ടാം ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
തോൽവിയോടെ ലങ്കയുടെ സെമി സാധ്യത മങ്ങി. വെസ്റ്റ് ഇൻഡീസിനും ഇന്ത്യയ്ക്കുമെതിരെ ശേഷിക്കുന്ന മത്സരങ്ങളിൽ ജയിച്ചാലും ലങ്കയ്ക്ക് സെമി കാണണമെങ്കിൽ ഇംഗ്ലണ്ട്, പാകിസ്ഥാൻ ബംഗ്ലാദേശ് ടീമുകളുടെ മത്സര ഫലങ്ങൾ നിർണായകമാകും.















