ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റൺസ് ജയം. 339 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റിന് 315 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് റണ്ണൗട്ടുകളാണ് വിൻഡീസിന് തിരിച്ചടിയായത്. സെഞ്ചുറിയുമായി ലങ്കൻ ഇന്നിംഗ്സിന് കരുത്തായ അവിഷ്ക ഫെർണാണ്ടോയാണ് കളിയിലെ താരം.
നിക്കോളസ് പുരാന്റെ വീരോചിത പോരാട്ടം പാഴായി. മുൻചാന്മ്യന്മാരുടെ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് മികച്ച വിജയലക്ഷ്യം സമ്മാനിച്ചത് അവിഷ്ക ഫെർണാണ്ടോയുടെ തകർപ്പൻ സെഞ്ചുറി. ഫെർണാണ്ടോ 103 പന്തിൽ 104 റൺസ് എടുത്തു.
51 പന്തിൽ 64 റൺസ് എടുത്ത കുശാൽ പെരേരയും 33 പന്തിൽ 45 റൺസ് എടുത്ത
തിരുമനെയും ലങ്കൻ ഇന്നിംഗ്സിന് കരുത്തായി.
339 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവിശീയ വിൻഡീസിന് തുടക്കം പിഴച്ചു. സുനിൽ അമ്പ്രിസിനെയും ഷായ് ഹോപ്പിനെയും പുറത്താക്കി ലസിത് മലിംഗ കരീബിയൻ നിരയെ സമ്മർദ്ദത്തിലാഴ്ത്തി. 35 റൺസുമായി ക്രിസ് ഗെയ് ലും മടങ്ങിയതോടെ വിൻഡീസിന് പ്രതീക്ഷ നഷ്ടപ്പെട്ടു. ഷിംറോൺ ഹെയ്റ്റ് മെയർ 29 റൺസ് എടുത്ത് നിൽക്കെ റണ്ണൗട്ടായി.
ജേസൻ ഹോൾഡറിനെയും ഫാബിയൻ അലനേയും കൂട്ടുപിടിച്ച് നിക്കോളസ് പുരാൻ പടനയിച്ചതോടെ വിൻഡീസിന് വീണ്ടും പ്രതീക്ഷ. അപ്രതീക്ഷിതമായി ബ്രാത്ത് വെയ്റ്റും റണ്ണൗട്ടായി മടങ്ങി. നിക്കോളസിന് കൂട്ടായി ഫാബിയൻ അലൻ എത്തിയതോടെ വിൻഡീസ് ഉണർന്നു. ജയത്തിലേക്ക് മുന്നേറുമെന്ന് പ്രതീക്ഷിക്കെ വിൻഡീസിന് തിരിച്ചടിയായി
ഫാബിയൻ അലൻ റണ്ണൗട്ടായി മടങ്ങി. 32 പന്തിൽ 51 റൺസുമായി.
തൊട്ടുപിന്നാലെ നിക്കോളാസ് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കി. മത്സരം കൈവിടുമെന്ന് പ്രതീക്ഷിച്ച ലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഈ ലോകകപ്പിലെ ആദ്യ ഓവർ ബോൾ ചെയ്യാനെത്തിയ എയ്ഞ്ചലോ മാത്യൂസ്. ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ ആദ്യ പന്തിൽ നിക്കോളാസ് പുറത്ത്.
55 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലസിത് മലിംഗ ലങ്കൻ ജയത്തിൽ നിർണായകമായി.















