മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു അന്താരാഷാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഐപിഎൽ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. റിസഡവ് താരമായിരുന്നിട്ടും വിജയ് ശങ്കർ പരിക്കേറ്റ് മടങ്ങിയപ്പോൾ റായിഡുവിനെ പരിഗണിക്കാതെ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയതാണ് പെട്ടന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നിലെന്നാണ് സൂചന.
ഇന്ത്യയെ കഴിഞ്ഞ കുറച്ചു നാളായി അലട്ടിയിരുന്ന ‘നാലാം നമ്പർ’ പ്രശ്നത്തിന് പരിഹാരമായി ക്രിക്കറ്റ് നിരീക്ഷകരും മുതിർന്ന താരങ്ങളും ചൂണ്ടിക്കാണിച്ച താരമായിരുന്നു റായിഡു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം സ്ഥാനത്തേക്ക് റായിഡുവിനെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ ലോകകപ്പിന് തൊട്ടുമുൻപുള്ള പരമ്പരകളിലെ മോശം പ്രകടനം റായിഡുവിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്തത്തുകയായിരുന്നു.
55 ഏകദിനങ്ങളും ആറ് ട്വന്റി 20 യും ഇന്ത്യയ്ക്ക് വേണ്ടി റായിഡു കളിച്ചിട്ടുണ്ട്. 55 ഏകദിനങ്ങളില്‍ നിന്ന് 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. മൂന്ന് സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളും റായിഡു സ്വന്തമാക്കിയിട്ടുണ്ട്. പുറത്താകാതെ നേടിയ 124 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ.















