ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് അയൽക്കാരുടെ പോരാട്ടം. സെമി ഉറപ്പിച്ച ഇന്ത്യയും ടൂർണമെന്റിൽ നിന്ന് പുറത്തായ ശ്രീലങ്കയും തമ്മിലാണ് ഇന്നത്തെ മത്സരം. സെമി ഉറപ്പിച്ചെങ്കിലും ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനാവും ടീം ഇന്ത്യ ഇന്നിറങ്ങുക. എന്നാൽ പുറത്തായെങ്കിലും ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാവും ലങ്കൻ ശ്രമം.
ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറുമടങ്ങുന്ന പേസ് നിര ഏത് വലിയ ബാറ്റിംഗ് നിരയേയും കടപുഴക്കാൻ കഴിവുള്ളതാണ്. ബൗളിംഗിൽ ഇന്ത്യ കരുത്തരാണെങ്കിലും ബാറ്റിംഗിൽ ഇന്ത്യക്ക് ഇനിയും പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. നാല് സെഞ്ച്വറിയുമായി തകർപ്പൻ ഫോമിലുള്ള രോഹിതും ഒപ്പം രാഹുലും ഓപ്പണിംഗിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുമെങ്കിലും മധ്യനിരയ്‌ക്ക് അത് മുതലാക്കാനാവുന്നില്ലയെന്നതാണ് ഇന്ത്യയുടെ പ്രശ്നം. അത് കൂടി പരിക്കാനായാൽ ഇന്ത്യക്ക് ഇന്ന് ജയം അനായാസമാകും. മധ്യനിരയിൽ ഋഷഭ് പന്തും ഹർദ്ദികും ധോണിയും തകർത്തടിച്ചാൽ ഇന്ത്യക്ക് വലിയ സ്കോർ പടുത്തുയർത്താനാകും.
ഫോമിലേക്ക് മടങ്ങിയെത്തിയ പേസർ ലസിത് മലിംഗ തന്നെയാകും ലങ്കയുടെ തുറുപ്പുചീട്ട്. ബാറ്റിംഗിൽ കുശാൽ പെരേരയും നായകൻ ദിമുത് കരുണരരത്നയിലുമാണ് ലങ്കൻ പ്രതീക്ഷ.















