മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ ഇന്ന് ഇന്ത്യ ന്യൂസിലൻഡ് പോരാട്ടം. ഈ ലോകകപ്പിൽ ഇതുവരെ ഇരു ടീമുകളും തമ്മിൽ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. പോയിന്റ് പട്ടികയിൽ ഒന്നാമതായാണ് ടീം ഇന്ത്യയുടെ വരവെങ്കിൽ നാലാമനായാണ് കിവീസ് സെമിയിൽ പ്രവേശിച്ചത്.
ലോകകപ്പിൽ ഇരു ടീമുകളും ഇതുവരെ ഏഴ് മത്സരങ്ങളിൽ നേർക്കുനേർ പോരാടി. നാല് മത്സരങ്ങളിൽ കിവീസ് ജയം സ്വന്തമാക്കിയപ്പോൾ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ ജയം നേടി.
https://www.facebook.com/janamtv/videos/368727117160211/
ഈ ലോകകപ്പിലെ പ്രകടനം നോക്കിയാൽ മുൻതൂക്കം ഇന്ത്യക്ക് തന്നെയാണ് ആകെയുള്ള 9 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ തോൽവിയറിഞ്ഞത്. ഏഴ് മത്സരങ്ങളിൽ ജയിച്ചപ്പോൾ ഒരു മത്സരം മഴ മുടക്കി. എന്നാൽ ന്യൂസിലൻഡാവട്ടെ 9 മത്സരങ്ങളിൽ അഞ്ച് മത്സരത്തിൽ മാത്രമാണ് ജയിച്ചത്. മൂന്ന് മത്സരങ്ങൾ തോറ്റപ്പോൾ ഒരെണ്ണം മഴ മുടക്കുകയും ചെയ്തു.
ഇരു ടീമുകളുടെയും കരുത്ത് നോക്കിയാൽ, ബാറ്റിംഗിൽ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. അഞ്ച് സെഞ്ച്വറിയുമായി റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിലാണ് ഈ ഇന്ത്യൻ ഓപ്പണർ. രാഹുൽ കൂടി ഫോമിലായതോടെ ഇന്ത്യയുടെ ഓപ്പണിംഗ് ശക്തം. നായകൻ കോഹ് ലി, ഋഷഭ് പന്ത്, ധോണി, ഹർദ്ദിക് പാണ്ഡ്യ അടക്കമുള്ളവരും മികച്ച ഫോമിലാണ്.
ബൗളിംഗിൽ ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയുടെ വജ്രായുധം. ഒപ്പം ഷമിയും ഭുവനേശ്വറും കുൽദീപും ചാഹലും മികച്ച രീതിയിൽ പന്തെറിയുന്നത് ഇന്ത്യൻ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
കിവീസിന്റെ കാര്യം നോക്കിയാൽ ബാറ്റിംഗിൽ നായകൻ കെയ്ൻ വില്യംസണിൽ തന്നെയാണ് അവരുടെ പ്രതീക്ഷ. ഒപ്പം റോസ് ടെയ് ലറും, മാർട്ടിൻ ഗുപ്ടിലും കിവീസ് നിരയിലുണ്ട്. ട്രെന്റ് ബോൾട്ടും ഫെർഗ്യൂസണുമടങ്ങുന്ന ബൗളിംഗ് നിരയും ശക്തമാണ്.
ടൂർണമെന്റിന്റെ തുടക്കത്തിൽ മികച്ച രീതിയിൽ കളിച്ച കിവീസിന് പിന്നീട് ഈ മികവ് നിലനിർത്താനായില്ല. എന്നാൽ ടീം ഇന്ത്യയാകട്ടെ മികച്ച ഫോമിലാണ് താനും. എന്തായാലും ക്രിക്കറ്റിന്റെ മക്കയിലേക്ക് ആര് വണ്ടികയറുമെന്ന് നമുക്ക് കാത്തിരിക്കാം.















