ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ അരംഭിച്ചു. നാളെ ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം.ഇന്ന് വൈകുന്നേരം 6.43 നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ജൂലൈ 15 ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകള്‍ മൂലം മാറ്റി വെയ്ക്കുകയായിരുന്നു.
ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ ശേഷിക്കെയാണ് പിഴവ് കണ്ടെത്തിയത്. ക്രയോജനിക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ജി.എസ്.എല്‍വി മാര്‍ക്ക് 3 ലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടത്.
1000 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിയാണ് ചാന്ദ്രയാന്‍ 2. ഇന്ത്യ ആദ്യമായി സോഫ്റ്റ് ലാന്‍ഡിംഗ് രീതി പരീക്ഷിക്കുന്ന ദൗത്യമെന്ന പ്രത്യേകതയും ചാന്ദ്രയാന്‍ 2 ന് ഉണ്ട്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത്. മുന്‍പ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ചാന്ദ്രയാന്‍ 1ല്‍ പോലും സ്വീകരിച്ചിരുന്നത്. ഇതുവരെ ഒരു ബഹിരാകാശ വാഹനവും ഇറങ്ങിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനാണ് ചാന്ദ്രയാന്‍ 2 തയ്യാറെടുക്കുന്നത്.