ന്യൂഡല്‍ഹി: പാകിസ്താന് അനധികൃതമായി പിടിച്ചുവച്ച ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന് വിട്ടയച്ചു. പൊതുസ്ഥലത്ത് വച്ച് തട്ടിക്കൊണ്ടുപോയെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇരുവരേയും മര്‍ദ്ദിച്ചതായും പാകിസ്താനെതിരെ ആരോപണമുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
പാക് രഹസ്യാന്വേഷണ വിഭാഗമാണ് നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത്. റോഡിലെ ട്രാഫിക് നിയമം ലംഘിച്ചെന്ന വ്യാജേനയാണ് പിടിച്ചത്. ഇരുവരുടേയും കയ്യില്‍ നിന്നും പാകിസ്താന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു എന്ന കള്ളപരാതിയും എഴുതി ചേര്‍ത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വ്യക്തമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരെ മന:പൂര്‍വം പിന്തുടരുകയും അവഹേളിക്കുകയും ചെയ്യുന്ന ഐ.എസ്.ഐയുടെ നടപടിയില്‍ ഇന്ത്യ ഈ മാസമാദ്യം വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് പ്രകോപനപരമായ അറസ്റ്റ് നടത്തിയത്.
ഇന്നലെ രാത്രിയിലാണ് പാകിസ്താന് രണ്ട് ഉദ്യോഗസ്ഥരേയും വിട്ടയച്ചത്. പതിനായിരം രൂപയുടെ കള്ളനോട്ട് ഇരുവരുടേയും കയ്യില്‍ നിന്നും കണ്ടെത്തിയെന്നാണ് വ്യാജപ്രചരണം. കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. പാകിസ്താന് 1992ലെ വിയന്ന കരാര്‍ അനുസരിച്ച് നയതന്ത്ര പ്രതിനിധികളെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യക്കായി വിദേശകാര്യമന്ത്രാലയം സയ്യദ് ഹൈദര്‍ ഷായുമായാണ് സംസാരിച്ചത്. അതീവഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്കല്ലാതെ ഒരു രാജ്യത്തിന്റേയും നയനന്ത്ര പ്രതിനിധികളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ആര്‍ക്കും അനുവാദമില്ലെന്ന നയം പാകിസ്താന് തെറ്റിച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.