ലണ്ടൻ: പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏക ഗോളിന് തോൽപ്പിച്ച് ആഴ്സണലിന്റെ മുന്നേറ്റം. ഇന്നലെ നടന്ന ലീഗ് മത്സരത്തിലാണ് ആഴ്സണൽ ജയം നേടിയത്. ഓബാമായംഗാണ് ആഴ്സണലിനായി ഗോളടിച്ചത്. 69-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ഗോളാക്കി മാറ്റിയത്. ലീഗ് ചരിത്രത്തിൽ 14 വർഷങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ആഴ്സ്ണൽ പരാജയപ്പെടുത്തുന്നത്.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിലെ ഗോളടിക്കാത്ത നിരാശയാണ് ഓബാമായംഗ് മാറ്റിയത്. ടീമംഗമായ ഹെക്ടർ ബെല്ലാറിനെ പോൾ പോംഗ്ബ വീഴ്ത്തിയതിനെ തുടർന്നാണ് ആഴ്സണലിന് പെനാൽറ്റി ആനുകൂല്യം ലഭിച്ചത്. കനത്ത പോരാട്ടങ്ങൾ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയാണ് ഇരുടീമുകളും കളിച്ചത്. കൂടുതൽ സാങ്കേതിക നീക്കങ്ങൾ നടത്തിയ മത്സരം യാഥാർത്ഥ കരുത്തിന്റെ നിഴൽ മാത്രമായി.
Comments