ചെന്നൈ : ഇന്ത്യൻ പൂക്കൾ ഇനി കടൽ കടന്നും സൗരഭ്യം പരത്തും. തമിഴ്‌നാട്ടിൽ നിന്നും പൂക്കൾ അമേരിക്കയിലേക്കും, ദുബായിലേക്കും കയറ്റി അയച്ചു. മുല്ല, ചെണ്ടുമല്ലി, റോസ്, ജമന്തി, ലില്ലി, എന്നീ പൂക്കളാണ് ഇരുരാജ്യങ്ങളിലേക്കുമായി കേന്ദ്രസർക്കാർ കയറ്റി അയച്ചത്.
ഇരു രാജ്യങ്ങളിലേയും ഇന്ത്യക്കാരുടെ അഭ്യർത്ഥന പ്രകാരമാണ് സർക്കാർ നീക്കം. ക്ഷേത്രങ്ങളിലും വീടുകളിലും ഹിന്ദു ദൈവങ്ങൾക്ക് ചാർത്താൻ ശുദ്ധമായ പൂക്കൾ വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി.
തമിഴ്‌നാട് കാർഷിക സർവ്വകലാശാലയുടെ സഹകരണത്തോടെ അഗ്രികൾച്ചറൽ ആന്റ് പ്രൊസെസ്സ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ടാണ് പൂക്കൾ കയറ്റി അയച്ചത്. നിലക്കൊട്ടൈ, ദിണ്ടിഗൽ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്നുമാണ് കയറ്റി അയക്കാനുള്ള പൂക്കൾ ശേഖരിച്ചത്. ഇവ സർവ്വകലാശാലയിൽ എത്തിച്ചാണ് കയറ്റുമതിയ്‌ക്കായി പാക്ക് ചെയ്തത്. വരും ദിവസങ്ങളിലും കയറ്റുമതി തുടരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം തമിഴ്‌നാട്ടിലെ പൂ കൃഷിക്കാർക്ക് കയറ്റുമതി അധിക വരുമാനം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് പൂക്കൾ കയറ്റുമതി ചെയ്യുമെന്നാണ് സൂചന.
Comments