കൊച്ചി : അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലെന്ന് ആവർത്തിച്ച് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഷാഫി അർജുനുമായുള്ള നേരിട്ടുള്ള ബന്ധം വീണ്ടും നിഷേധിച്ചത്. കേവലം ഫേസ്ബുക്ക് പരിചയം മാത്രമാണ് ഉള്ളതെന്ന് ഷാഫി മൊഴി നൽകി.
കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കൊടി സുനി എന്നിവർക്ക് പങ്കുണ്ടെന്നാണ് അർജുൻ കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. രാമനാട്ടുകര സംഭവത്തിന് ശേഷം ഒളിച്ചുതാമസിക്കാൻ സഹായം നൽകിയത് ഇവരാണെന്നും അർജുൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് കെടിസുനിയ്‌ക്കും ഷാഫിയ്‌ക്കും നോട്ടീസ് അയച്ചത്. ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധനയും നടത്തിയിരുന്നു.
പോലീസ് യൂണിഫോമിലെ നക്ഷത്രം, ലാപ് ടോപ് എന്നിവയാണ് കസ്റ്റംസ് ഷാഫിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. എന്നാൽ നക്ഷത്രം പോലീസ് തൊപ്പിയിലേതല്ലെന്നും, ചെഗുവേരയുടെ തൊപ്പിയിലേത് ആണെന്നും ഷാഫി കസ്റ്റംസിനോട് പറഞ്ഞു. ലാപ് ടോപ് സഹോദരിയുടേതാണ്. സ്വർണക്കടത്തിൽ ബന്ധമില്ലെന്നും ഷാഫി പറഞ്ഞു.
അതേസമയം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയുള്ള കളികളാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതെന്നാണ് സൂചന. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലെന്നും, പിന്നെ എങ്ങിനെയാണ് സ്വർണക്കടത്ത് ആസൂത്രണം ചെയ്യുക എന്നുമാണ് ഷാഫി ചോദിക്കുന്നത്. എന്നാൽ ഷാഫിയ്‌ക്കും കൊടി സുനിയ്‌ക്കും പങ്കുണ്ടെന്ന് അർജുനും ആവർത്തിക്കുന്നു. അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി അന്വേഷണം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ഇതെന്നാണ് സംശയിക്കുന്നത്.
Comments