ന്യൂഡൽഹി : ബിജെപിയെ പേടിക്കുന്നവർക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ആർ.എസ്.എസ് ആദർശത്തിൽ വിശ്വസിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല. അത്തരക്കാരെ പുറത്താക്കുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി കോൺഗ്രസ് സോഷ്യൽ മീഡിയ യോഗത്തിൽ പറഞ്ഞു.
“നിരവധി പേടിയില്ലാത്തവർ ഉണ്ട്. അവരൊന്നും പക്ഷേ കോൺഗ്രസിൽ അല്ല. അത്തരക്കാരെ കോൺഗ്രസിൽ കൊണ്ടുവരണം. ബിജെപിയെ പേടിയുള്ളവർക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണം. ആർ.എസ്.എസ് ആദർശത്തിൽ വിശ്വസിക്കുന്നവരെ നമുക്ക് വേണ്ട. നമുക്ക് പേടിയില്ലാത്തവരെ വേണം.“ രാഹുൽ വ്യക്തമാക്കി.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സോഷ്യൽ മീഡിയ യുദ്ധത്തിന് വേണ്ടി ലക്ഷക്കണക്കിന് പേരെയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുത്തത്. കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി നേരിട്ടായിരുന്നു ഇതിനൊക്കെ നേതൃത്വം നൽകിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ സോഷ്യൽ മീഡിയ ടീം നിഷ്ക്രിയമായി.
കോൺഗ്രസിന്റെ യുവ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദയും ബിജെപിയിൽ ചേർന്നതും രാഹുലിന് വൻ തിരിച്ചടിയാവുകയും ചെയ്തു. 2024 നു മുൻപ് സോഷ്യൽ മീഡിയ ടീം ശക്തമാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സമ്മേളനം നടന്നത്.
Comments