തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ച വി.എം. സുധീരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. വി.എം.സുധീരൻ രാജി പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സുധീരനെ കണ്ട് ചർച്ച നടത്തും. അദ്ദേഹത്തെ നേരിൽക്കാണാൻ ശ്രമിക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം തീർക്കുമെന്നും കെ.സുധാകരൻ പ്രതികരിച്ചു.
താരിഖ് അൻവറും വി.ഡി.സതീശനും സുധീരനെ കാണും. അദ്ദേഹത്തെ ഉൾക്കൊണ്ട് പോകാനാണ് തീരുമാനം. സുധീരന്റെ പ്രശ്നം പഠിക്കും. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കേട്ട ശേഷം പരിഹരിക്കും. പാർട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ടുപോകുമെന്നും സുധീരൻ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതില്ലെന്നും സുധാകരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് സുധീരൻ കത്ത് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുൻ കെപിസിസി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള തന്നെ പാർട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്.
Comments