ന്യൂഡൽഹി : ജമ്മു കശ്മീരിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് കേന്ദ്രവിദേശകാര്യമന്ത്രാലയം. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ അതിയായ ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളെ അപലപിക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ അതിയായ ആശങ്കയുണ്ട്. ഈ ആശങ്ക നിരവധി ആഗോളവേദികളിൽ ചർച്ച ചെയ്തതാണെന്നും ബാഗ്ചി പറഞ്ഞു. മറ്റ് വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യ- അഫ്ഗാൻ വിമാനങ്ങൾ പുന:രാരംഭിക്കുന്ന കാര്യത്തെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇത് വളരെയധികം സങ്കീർണമാണ്. വിമാനങ്ങൾ പുന:രാരംഭിക്കുന്നതിന് നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ബാഗ്ചി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഡെന്മാർക്ക് സന്ദർശനത്തിന് നിരവധി അജണ്ടകളാണ് ഉള്ളത്. ഇരുരാജ്യങ്ങളും തമ്മിലുളള തന്ത്രപ്രധാന പങ്കാളിത്തം വിലയിരുത്താൻ സന്ദർശനത്തിലൂടെ സാധിക്കും. ഏകദേശം 200 ഓളം ഡെന്മാർക്ക് കമ്പനികൾ ഇന്ത്യയിലും, 60 ഇന്ത്യൻ കമ്പനികൾ ഡെന്മാർക്കിലും നിക്ഷേപം നടത്തുന്നുണ്ട്. നവംബർ 15 മുതൽ വിദേശ വിനോദ സഞ്ചാരികൾക്ക് വിമാനങ്ങളിലോ ചാർട്ടേർഡ് വിമാനങ്ങളിലോ ഇന്ത്യയിലേക്ക് വരാം. ഒക്ടോബർ 15 മുതൽ ടൂറിസ്റ്റ് വിസകൾ നൽകാൻ ആരംഭിക്കുമെന്നും ബാഗ്ചി അറിയിച്ചു.
Comments