ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് 94 കോടിയിലേക്ക് എത്തുന്നു. 93.90 കോടി ഡോസുകൾ ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈകിട്ട് ഏഴ് മണി വരെയുള്ള കണക്കുകൾ പ്രകാരം 71 ലക്ഷം വാക്‌സിൻ ഡോസുകളാണ് ഇന്ന് രാജ്യത്ത് വിതരണം ചെയ്തത്.
കഴിഞ്ഞ ജനുവരി മുതലായിരുന്നു രാജ്യവ്യാപകമായി വാക്‌സിനേഷൻ ആരംഭിച്ചത്. പ്രായപരിധിയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു വാക്‌സിനേഷൻ. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, കൊറോണ മുൻനിര പോരാളികൾസർക്കാർ ജീവനക്കാർ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് വാക്‌സിൻ ലഭ്യമാക്കി.
പിന്നീട് പ്രായപരിധി നിശ്ചയിച്ച് തരംതിരിച്ചായിരുന്നു വാക്‌സിൻ വിതരണം. ഏപ്രിൽ ഒന്ന് മുതൽ 45ന് മുകളിലുള്ളവർക്കും കുത്തിവെയ്പ്പ് ആരംഭിച്ചു. ഒടുവിൽ മെയ് ഒന്ന് മുതലാണ് 18ന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കിയത്.
ഒരു വശത്ത് വാക്‌സിനേഷൻ പുരോഗമിക്കവെ മറുവശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളും കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,000ത്തിൽ താഴെ രോഗികളാണ് രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ആകെ കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്.















