ന്യൂഡൽഹി: നീതി ആയോഗിന്റെ ഡെൽറ്റ റാങ്കിങിൽ ഏറ്റവും പിറകിലുളള അഞ്ച് ജില്ലകളിൽ ഉൾപ്പെട്ട് വയനാട്. ഇന്ത്യയിലെ 112 പിന്നോക്ക ജില്ലകളാണ് ലിസ്റ്റിലുളളത്.അതിൽ 109ാം സ്ഥാനത്താണ് വയനാട്.
രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നീതി ആയോഗ് ഡെൽറ്റാ റാങ്കിങ് പുറത്തുവിടുന്നത്. വികസനത്തിൽ പിറകിൽ നിൽക്കുന്ന ജില്ലകളിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പ്രഖ്യാപിക്കുന്നത്. കേരളത്തിൽ നിന്നുളള ഏക ജില്ലയാണ് വയനാട്.
ഉത്തർപ്രദേശിൽ നിന്നുളള ഏഴ് ജില്ലകളാണ് ആദ്യ പത്ത് റാങ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളാണ് പട്ടികയിലുളളത്. ഒഡീഷയിലെ ഗജപതിയാണ് ആദ്യ സ്ഥാനത്തുളളത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ,സിദ്ധാർഥ്‌നഗർ, സോൻഭദ്ര,ചിത്രകൂട് എന്നീ ജില്ലകളാണ് തൊട്ടടുത്തുളള സ്ഥാനങ്ങളിലുളളത്.
ഏറ്റവും പിറകിൽ നിൽക്കുന്നത് ജാർഖണ്ഡിലെ രാംഖഡ് ആണ്. ലത്തേഹർ( ജാർഖണ്ഡ്),ചമ്പ( ഹിമാചൽപ്രദേശ്),വയനാട്(കേരളം),നാംസായ്(അരുണാചൽപ്രദേശ്) എന്നിവയാണ് തൊട്ടടുത്തുളള സംസ്ഥാനങ്ങൾ. അടിസ്ഥാനസൗകര്യങ്ങളായ ജലലഭ്യത, സാമ്പത്തിക ഉൾപ്പെടുത്തൽ, വിഭവശേഷി എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പട്ടികയിൽ ജില്ലകളുടെ സ്ഥാനം കണകാക്കുന്നത്.
റാങ്കിങിൽ മൂന്നാം സ്ഥാനത്തുളള സിദ്ധാർഥ്‌നഗർ പ്രധാൻമന്ത്രി സഡക് യോജന പ്രകാരം ശ്രദ്ധേയമായ രീതിയിൽ റോഡ് നിർമാണം പൂർത്തിയാക്കി. ആരോഗ്യം,പോഷകാഹാരം,കൃഷി,ജലസേചനം എന്നീ മേഖലകളിലും ജില്ല ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.
Comments