ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് താഴുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,428 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 238 ദിവസത്തിനിടെ ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും താഴുന്നത്. കൊറോണ പ്രതിരോധത്തിൽ രാജ്യം നിർണായക നേട്ടം കൈവരിച്ചെന്നാണ് താഴ്ന്ന പ്രതിദിന കണക്കുകൾ നൽകുന്ന സൂചന.
കൊറോണ പ്രതിദിന രോഗികളുടെ കണക്കുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്തുവിട്ടത്. പുതിയ കേസുകൾ കൂടി ചേർക്കുമ്പോൾ ഇതുവരെ 3,42,02,202 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3,35,83,318 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചിത്സയിൽ കഴിഞ്ഞിരുന്ന 15,951 പേർ രോഗമുക്തി നേടി. നിലവിൽ 1,63,816 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 356 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,55,068 ആയി. കൊറോണ വാക്സിനേഷന്റെ ഭാഗമായി 102.94 കോടി പേർക്കാണ് കൊറോണ പ്രതിരോധവാക്സിൻ നൽകിയത്.
ആകെ രോഗികളുടെ ഒരു ശതമാനം പേർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 98.19 ശതമാനമാണ് രോഗമുക്തി നിരക്ക്. 1.24 ആണ് പ്രതിവാര ടിപിആർ. 1.10 ശതമാനമാണ് പ്രതിദിന ടിപിആർ.
Comments