ശ്രീനഗർ : ഒരായുസിന്റെ സമ്പാദ്യം മുഴുവൻ നഷ്ടമായ തെരുവോര കച്ചവടക്കാരന് കൈത്താങ്ങായി ഐപിഎസ് ഓഫീസർ. ശ്രീനഗറിലെ ബൊഹ്രി കഡൽ മേഖലാ എസ്പി സന്ദീപ് ചൗധരിയാണ് നഷ്ടപ്പെട്ട തുക സ്വന്തം കയ്യിൽ നിന്നും കച്ചവടക്കാരന് നൽകി കയ്യടി നേടിയത്. സമൂഹമാദ്ധ്യമങ്ങളിലും അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ്.
90 കാരനായ അബ്ദുൾ റഹ്മാന്റെ പണമാണ് മോഷ്ടാക്കൾ കവർന്നത്. കടലവിറ്റ് ഉപജീവനം നയിക്കുന്ന റഹ്മാൻ ഒറ്റയ്ക്കാണ് താമസിച്ചുപോരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. പണം നഷ്ടമായ റഹ്മാൻ പരാതിയുമായി സന്ദീപ് ചൗധരിയെ സമീപിച്ചു. റഹ്മാന്റെ സങ്കടംകേട്ട് മനസ്സലിഞ്ഞ അദ്ദേഹം സ്വന്തം കയ്യിൽ നിന്നും പണം നൽകുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് റഹ്മാന്റെ വീട്ടിൽ നിന്നും മോഷ്ടാക്കൾ കവർന്നത്.
അന്ത്യകർമ്മങ്ങൾക്കായി റഹ്മാൻ സൂക്ഷിച്ചിരുന്ന പണമായിരുന്നു നഷ്ടമായത്. ഇതറിഞ്ഞതോടെയാണ് സന്ദീപ് ചൗധരി സ്വന്തം കയ്യിൽ നിന്നും പണം നൽകിയത്. പണം ലഭിച്ച റഹ്മാൻ സന്തോഷത്തോടെ മടങ്ങി.
സന്ദീപ് ചൗധരിയുടെ പ്രവൃത്തി സഹപ്രവർത്തകരാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ചിരിച്ചുകൊണ്ട് നിൽക്കുന്ന റഹ്മാന്റെ ചിത്രവും പോലീസ് പങ്കുവെച്ചിട്ടുണ്ട്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് സന്ദീപ് ചൗധരിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തെ അഭിനന്ദിച്ചു.
Comments